Top NewsWorld

‘യുഎസിന്റെ 51-ാം സംസ്ഥാനമാകാമോ? തീരുവ ഒഴിവാക്കിത്തരാം’- കാനഡയോട് ട്രംപ്; തെല്ലും വിട്ടുകൊടുക്കാതെ ട്രൂഡോയും

Spread the love

മെക്‌സിക്കോ, ചൈന, കാനഡ, എന്നീ രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ പ്രഖ്യാപിച്ചത് ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ ജനതക്ക് തീരുമാനം അല്‍പ്പം വേദനയുണ്ടാക്കിയേക്കാമെങ്കിലും, വരാനിരിക്കുന്നത് അമേരിക്കയുടെ സുവര്‍ണ്ണകാലമെന്ന് ട്രംപ് വ്യക്തമാക്കി. അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കടത്തും ഈ വിധത്തില്‍ തടയാനാകുമെന്നാണ് ട്രംപിന്റെ വാദം.

യുഎസിന്റെ അന്‍പത്തിയൊന്നാമത് സംസ്ഥാനമായാല്‍ നികുതി ഒഴിവാക്കാമെന്ന് കാനഡയോട് ഡോണള്‍ഡ് ട്രംപ് വാഗ്ദാനം ചെയ്തു. ഇറക്കുമതിച്ചുങ്കത്തിന്റെ പേരില്‍ വ്യാപാര യുദ്ധം പ്രഖ്യാപിച്ച ട്രംപിന് മുന്നില്‍ വഴങ്ങേണ്ടെന്നാണ് കാനയുടെ നിലപാട്. യുഎസ് നിര്‍മിത ഉത്പ്പന്നങ്ങള്‍ ഒഴിവാക്കാനും പരമാവധി കാനഡയില്‍ നിര്‍മിച്ച വസ്തുക്കള്‍ ഉപയോഗിക്കാനും ജനങ്ങളോട് കനേഡിയന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ നിന്നുള്ള മാംസപദാര്‍ത്ഥങ്ങള്‍, പുകയില ഉല്‍പ്പന്നങ്ങള്‍, അമേരിക്കന്‍ നിര്‍മിത മദ്യം, വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയ്ക്ക് കാനഡയില്‍ വിലകൂടും.

മെക്സിക്കോയ്ക്കും കാനഡക്കും ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയതോടെ, മൂന്ന് രാജ്യങ്ങള്‍ക്കിടയിലെ നികുതി രഹിത വ്യാപാരം എന്ന നയമാണ് ട്രംപ് തിരുത്തിയത്. 800 ഡോളറില്‍ താഴെയുള്ള ഷിപ്മെന്റുകള്‍ക്ക് നികുതി അടക്കാതെ യുഎസില്‍ പ്രവേശിക്കാമെന്ന ഡി മിനിമിസ് സാധ്യതക്കും ട്രംപ് പൂട്ടിട്ടിരിക്കുകയാണ്. ഇത് ചൈനീസ് ഇ-കൊമേഴ്സ് സ്ഥാപനങ്ങളായ ഷെയ്ന്‍, തെമു എന്നിവക്ക് മാത്രമല്ല, അമേരിക്കയിലെ നിരവധി ചെറുകിട വ്യാപാരികള്‍ക്കും വന്‍ തിരിച്ചടിയാണ്. മാത്രമല്ല, അമേരിക്കയില്‍ അവൊക്കാഡോ മുതല്‍ ചെരുപ്പുകള്‍ വരെയുള്ള വസ്തുക്കള്‍ക്ക് വിലക്കൂടാനും ട്രംപിന്റെ തീരുമാനം കാരണമാകും. പക്ഷേ മയക്കുമരുന്നിന്റെ ഒഴുക്ക് തടയുന്നതിന് മൂന്ന് രാജ്യങ്ങളെയും പ്രതിജ്ഞാബദ്ധരാക്കാന്‍ താരിഫ് ഏര്‍പ്പെടുത്തല്‍ ആവശ്യമാണെന്നാണ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി എക്കണോമിക് പവേഴ്സ് ആക്ട് പ്രകാരം ദേശീയ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടാണ് ട്രംപ് താരിഫുകള്‍ നടപ്പിലാക്കുന്നത്. ഇതുവഴി ഇറക്കുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രസിഡന്റിന് ഏകപക്ഷീയമായി കൈകാര്യം ചെയ്യാന്‍ കഴിയും.