ബ്രഹ്മപുരത്ത് ബാറ്റ്സ്മാനായി മന്ത്രി എം ബി രാജേഷ്, ബോളെറിഞ്ഞ് മേയർ
മാലിന്യങ്ങൾ നീക്കം ചെയ്ത ബ്രഹ്മപുരത്ത് ക്രിക്കറ്റ് കളിച്ച് മന്ത്രി എംബി രാജേഷും കൊച്ചി മേയര്‍ എം അനില്‍ കുമാറും ശ്രീനിജന്‍ എംഎല്‍എയും. ബ്രഹ്മപുരത്ത് വേണമെങ്കില്‍ ഇപ്പോള്‍ ക്രിക്കറ്റ് കളിക്കാമെന്ന തലക്കെട്ടോടെയാണ് ബ്രഹ്മപുരം അന്നും ഇന്നും എന്ന ഫോട്ടോ അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചത്.
പതിറ്റാണ്ടുകളായി ബ്രഹ്‌മപുരത്ത് നിക്ഷേപിക്കപ്പെട്ട മാലിന്യത്തിന്റെ 75 ശതമാനവും നിലവില്‍ നീക്കം ചെയ്തിട്ടുണ്ടെന്നും 18 ഏക്കര്‍ ഭൂമി ഇങ്ങനെ വീണ്ടെടുത്തുവെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിയുടെ പോസ്റ്റിന് താഴെയായി മേയർ അനിൽകുമാർ കമന്റുമായി എത്തി. ‘അതേ നമ്മൾ ആത്മാത്ഥമായി ജോലി തുടരും. ജനങ്ങൾക്ക് വേണ്ടി നന്ദി’ എന്നായിരുന്നു മേയർ മന്ത്രിയുടെ പോസ്റ്റിന് താഴെ കുറിച്ചത്.
നഗരസഭാ ഏറെ പഴികേട്ട സംഭവമായിരുന്നു ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തം. 2023 മാർച്ച് 2 നാണ് പ്ലാൻറിലെ പ്ലാസ്റ്റിക് മലയ്ക്ക് തീപിടിച്ചത്. 13 ദിവസമെടുത്തു തീ അണയ്ക്കാൻ. അതിനുള്ളിൽ തന്നെ കൊച്ചിയിലെ മർമ്മപ്രധാനമായ പല സ്ഥലത്തും പുക പടർന്നിരുന്നു.
എന്നാൽ ഈ തീപിടിത്തത്തിന് ശേഷം നിരവധി സൗകര്യങ്ങൾ ബ്രഹ്മപുരത്ത് നഗരസഭയുടെ നേതൃത്വത്തിൽ ഒരുക്കി. പൊട്ടിപ്പൊളിഞ്ഞ പ്രധാന റോഡിനു പകരം നവീകരിച്ച പുതിയ റോഡ് വന്നു. സെക്ടറുകളായി തിരിച്ച പ്ലാസ്റ്റിക് മലകൾക്കിടയിലൂടെ തീ പിടിത്തമുണ്ടായാൽ ഫയർ എൻജിനുകൾക്ക് പോകാൻ കഴിയും വിധം കുറേ ഭാഗങ്ങളിൽ വഴികൾ.മാലിന്യമലകൾ കാണാൻ കഴിയുംവിധം വാച്ച് ടവർ സജ്ജീകരിച്ചു. 9 ക്യാമറകളും ബയോമൈനിങ്ങുമായി ബന്ധപ്പെട്ട 12 ക്യാമറകളും ഉൾപ്പെടെ 21 ക്യാമറകൾ സജ്ജമാക്കി. 25 ഫയർ വാച്ചർമാരെ നിയോഗിച്ചു. വേനൽച്ചൂട് കണക്കിലെടുത്ത് പ്ലാസ്റ്റിക് മലകൾ വെള്ളം നനയ്ക്കുന്നതിനായി അഞ്ച് ടീമുകൾ എണ്ണിയടക്കം ഇതിപ്പോൾ ബ്രഹ്മപുരത്ത് പ്രവർത്തിക്കുന്നുണ്ട്.
ബ്രഹ്മപുരം കൊച്ചിയിലെ മാലിന്യപ്രശ്നത്തിന് പരിഹാരമായി ഫാബ്‌കോ ബയോസൈക്കിളിന്റെ അത്യാധുനിക ജൈവമാലിന്യ സംസ്‌കരണകേന്ദ്രം കോർപറേഷൻ സ്ഥാപിച്ചിരുന്നു. പട്ടാളപ്പുഴു എന്നറിയപ്പെടുന്ന ബ്ലാക്ക് സോൾജിയർ ഫ്ലൈ (ബിഎസ്എഫ്) ലാർവ ഉപയോഗിച്ച് ജൈവമാലിന്യം സംസ്കരിക്കുന്ന സംവിധാനമാണിത്. കുറഞ്ഞ സ്ഥലത്ത് കൂടുതൽ ഫലപ്രദമായി മാലിന്യം സംസ്കരിക്കുന്നതാണിത്.