‘മൊബൈല്‍ വെളിച്ചത്തില്‍ തുന്നലിടല്‍’: ആശുപത്രിയിലെ ജനറേറ്ററിൽ ആവശ്യത്തിന് ഡീസല്‍ ഉണ്ടായിരുന്നു; എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച ശേഷം നടപടി, മന്ത്രി വി എൻ വാസവൻ
വൈക്കത്തെ താലൂക്ക് ആശുപത്രിയിൽ വൈദ്യുതിയില്ലാതെ മൊബൈൽ വെളിച്ചത്തിൽ പതിനൊന്നുകാരന്റെ തലയിൽ തുന്നലിട്ട സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി എൻ വാസവൻ. ആശുപത്രിയിൽ സ്ഥാപിച്ചിരുന്ന ജനറേറ്ററിൽ ഒഴിക്കാൻ ആവശ്യത്തിനുള്ള ഡീസൽ ഉണ്ടായിരുന്നു. ലോഗ് ബുക്ക് പരിശോധിച്ചപ്പോൾ ഇത് വ്യക്തമായിട്ടുണ്ട്.വൈദ്യുതി മുടങ്ങും എന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
വൈദ്യുതി മുടങ്ങും എന്ന അറിയിപ്പിനെ തുടർന്ന് പകരം സംവിധാനങ്ങൾ ഒരുക്കിയിരുന്നു. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കും. ആശുപത്രിയിൽ സംഭവം നടന്ന ശനിയാഴ്ച താൽക്കാലികമായ ബുദ്ധിമുട്ട് മാത്രമാണുണ്ടായത്, നിലവിൽ ആർക്കെതിരെയും നടപടിയെടുക്കേണ്ട ആവശ്യമില്ലെന്നും
വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇന്നലെ വൈകുന്നേരമാണ് വൈക്കം താലൂക്ക് ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയത്. തലയിൽ ഉണ്ടായ മുറിവ് തുന്നി കെട്ടുന്നതിനായി എത്തിയ 11 വയസ്സുകാരന് മൊബൈൽ വെളിച്ചത്തിൽ ചികിത്സ നടത്തേണ്ടിയും വന്നു. ഇതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ആരോഗ്യവകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചത്. RMO യുടെ പ്രാഥമിക റിപ്പോർട്ടിൽ ജനറേറ്ററിന്റെ ചേഞ്ച് ഓവർ ബട്ടണിൽ ഉണ്ടായ തകരാറാണ് വൈദ്യുതി മുടങ്ങാൻ കാരണമായത് എന്നാണ് പറയുന്നത്.
എന്നാൽ വൈദ്യുതി ഇല്ലാതിരുന്നതിനാൽ മുറിവ് ശരിയായ രീതിയിൽ വൃത്തിയാക്കാൻ പോലും സാധിച്ചില്ലെന്ന് കുട്ടിയുടെ മാതാവ് സുരഭി പറഞ്ഞു. കാഷ്വാലിറ്റിയിലും ഡ്രസ്സിംഗ് റൂമിലും വൈദ്യുതി ഇല്ലാതിരുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും സുരഭി പറയുന്നു. സംഭവത്തിൽ പരാതികൾ ഒന്നും നൽകേണ്ടതില്ലെന്നാണ് മാതാപിതാക്കളുടെ തീരുമാനം. എങ്കിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ ഉണ്ടാകണമെന്ന് ഇവർ ആവശ്യപ്പെടുന്നു.