KeralaTop News

‘നാല് വോട്ടു കിട്ടുമെങ്കില്‍ ആരുമായും കൂട്ടുകൂടാമെന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ് ‘; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

Spread the love

കോണ്‍ഗ്രസിനും ലീഗിനുമെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി. പ്രശ്‌നങ്ങളില്‍ കൃത്യമായ നിലപാട് എടുക്കാതെ വര്‍ഗീയതയ്ക്ക് സമരസപ്പെടുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. നാല് വോട്ടു കിട്ടുമെങ്കില്‍ ആരുമായും കൂട്ടുകൂടാമെന്ന അവസ്ഥയിലാണെന്ന് കോണ്‍ഗ്രസെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ലീഗിന്റെ കാര്യങ്ങള്‍ നടത്താമെന്ന രീതിയിലേക്ക് SDPI യും ജമാഅത്തെ ഇസ്ലാമിയും എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തുകൊണ്ട് ഇവരെ ലീഗ് തുറന്ന് എതിര്‍ക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

ഉപതെരഞ്ഞെടുപ്പില്‍ വയനാട് ഞങ്ങള്‍ നേരത്തെയും പരാജയപ്പെട്ടതാണ്. ചേലക്കരയില്‍ എല്‍ഡിഎഫിനെ എങ്ങനെയെങ്കിലും പരാജയപ്പെടുത്തും എന്ന രീതിയിലാണ് കോണ്‍ഗ്രസും ലീഗും പ്രവര്‍ത്തിച്ചത്. പാലക്കാട് എല്‍ഡിഎഫിന് മാറ്റം ഉണ്ടാക്കി എന്ന് പറയാന്‍ പറ്റില്ല. പോളിങ് കുറഞ്ഞപ്പോഴും വോട്ടിന്റെ എണ്ണം ഞങ്ങള്‍ കൂട്ടി. കോണ്‍ഗ്രസിന്റെ ജയം എങ്ങനെയാണ് പാലക്കാട് എസ്ഡിപിഐയുടെ ജയമാകുക. നാലു വോട്ടു പോരട്ടെ, വര്‍ഗീയതയാണെങ്കിലും വോട്ട് പോരട്ടെ എന്ന നിലപാട് സ്വീകരിക്കുന്നു – മുഖ്യമന്ത്രി വ്യക്തമാക്കി.

മതനിരപേക്ഷതയെ തള്ളി പറഞ്ഞവരാണ് സംഘപരിവാര്‍. ഭരണഘടനയെ തള്ളി പറഞ്ഞവരാണ് ആര്‍എസ്എസ്. വര്‍ഗീയതയുമായി കോണ്‍ഗ്രസ് സമരസപ്പെടാന്‍ ശ്രമിച്ചു. വര്‍ഗീയതയെ വിട്ടു വിഴ്ചയില്ലാതെ നേരിടാനാവണം. എന്ത് കൊണ്ട് ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയെ ഒരു പോലെ എതിര്‍ക്കാനാവുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. വര്‍ഗീയതയെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. ആപത്ക്കരമായ നിലയാണ് സ്വീകരിക്കുന്നത് അത് തിരിച്ചറിയാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.