NationalTop News

പറഞ്ഞ ദിവസം വസ്ത്രം തയ്ച്ച് കൊടുത്തില്ല; ജയ്പൂരില്‍ തയ്യല്‍ക്കാരനെ മര്‍ദിച്ച് കൊലപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത കുട്ടി

Spread the love

വസ്ത്രം താന്‍ ആവശ്യപ്പെട്ട സമയത്തിനുള്ളില്‍ തയ്ച്ച് തരാത്തതിനുള്ള രോഷത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി തയ്യല്‍ക്കാരനെ മര്‍ദിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. 60 വയസുള്ള സൂരജ്മല്‍ പ്രജാപത് എന്ന തയ്യല്‍ക്കാരനെയാണ് കുട്ടി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ചോമു ടൗണിലെ പക്ക ബന്ധ ചൗരഹയിലെ ദേവ് ആശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്

വസ്ത്രം തയിച്ച് തരാമെന്ന് പറഞ്ഞ ദിവസമെത്തിയിട്ടും സൂരജ്മല്‍ തയ്ച്ച് കഴിഞ്ഞില്ലെന്ന് അറിഞ്ഞതോടെ ക്ഷുഭിതനായ കുട്ടി വടികളുമായി കടയിലെത്തി വയോധികനെ ക്രൂരമായി മര്‍ദിച്ചെന്നാണ് പൊലീസ് അറിയിച്ചത്. ഗുരുതരമായി പരുക്കേറ്റ വൃദ്ധന്‍ രക്തംവാര്‍ന്ന് മരിച്ചു.

വൃദ്ധനെ ആക്രമിക്കാന്‍ ഉപയോഗിച്ച വടികളും മറ്റ് തെളിവുകളും തയ്യല്‍ക്കടയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ചോമു സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ പ്രദീപ് ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ചോമു സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.