ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം തൊഴിലാളികളെ ചേര്‍ത്തുപിടിച്ച് കേന്ദ്ര ബജറ്റ്; സാമൂഹ്യ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രഖ്യാപനം
പുതുതലമുറ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുവാക്കള്‍ക്ക് ആശ്വാസ വാര്‍ത്ത. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം തൊഴിലാളികള്‍ ഉള്‍പ്പെടെ ഗിഗ് വര്‍ക്കേഴ്‌സിന് സാമൂഹ്യ സുരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം തൊഴിലാളികളെ പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ ഭാഗമാക്കി ആരോഗ്യപരിരക്ഷ ഉറപ്പാക്കും. ഇതിനായി ഇ – ശ്രം പോര്‍ട്ടലില്‍ രജിസ്‌ട്രേഷനുള്ള സംവിധാനം ഏര്‍പ്പെടുത്തും. തിരിച്ചറിയല്‍ കാര്‍ഡുകളും വിതരണം ചെയ്യും. ഒരു കോടിയിലേറെ വരുന്ന ഗിഗ് വര്‍ക്കേഴ്‌സിന് വലിയ ആശ്വാസമാകുന്ന പ്രഖ്യാപനമാണിത്.
ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്തുന്ന വിഭാഗമാണ് ഗിഗ് വര്‍ക്കേഴ്‌സ്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍, ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍, കാറ്ററിങ് ജോലിക്കാര്‍ എന്നിങ്ങനെ പാരമ്പര്യേതര തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് ഗിഗ് വര്‍ക്കേഴ്‌സ്. ഇന്ത്യയില്‍ ഗിഗ് എക്കോണമി വളരെ വേഗം വളര്‍ച്ച പ്രാപിക്കുന്നുവെന്നാണ് കണക്കുകള്‍.