‘വിമർശനങ്ങൾ ഉന്നയിക്കുന്നത് ഏതെങ്കിലും അപ്പക്കഷ്ണങ്ങൾക്ക് വേണ്ടിയാണെന്ന തെറ്റിദ്ധാരണയാകാം കെ ആർ മീരയ്ക്ക്’; വിമർശനം ആവർത്തിച്ച് ബെന്യാമിൻ
കെ ആർ മീരക്കെതിരായ വിമർശനം ആവർത്തിച്ച് സാഹിത്യകാരൻ ബെന്യാമിൻ. എല്ലാവരും വിമർശനങ്ങൾ ഉന്നയിക്കുന്നത് ഏതെങ്കിലും അപ്പക്കഷ്ണങ്ങൾക്ക് വേണ്ടിയാണെന്ന തെറ്റിദ്ധാരണയാകാം കെ ആർ മീരയ്‌ക്കെന്ന് ബെന്യാമിൻ വിമർശിച്ചു.ഹിന്ദുമഹാസഭ പോലുള്ള ഒരു ഫാസിസ്റ്റ് സംഘടനയെ കോൺഗ്രസുമായി ഉപമിച്ചതിനാണ് വിമർശനം. കോൺഗ്രസിനെതിരെ ഗാന്ധി മൂല്യങ്ങൾ തമസ്കരിക്കുന്നു എന്ന വിമർശനം വളരെ കാലമായി ഞങ്ങളെല്ലാം ഉയർത്തുന്നതാണ്. പക്ഷേ കോൺഗ്രസിനെ ഹിന്ദുമഹാസഭ എന്ന സംഘടനയുമായി ഉപമിക്കുന്നത് തെറ്റായ കാര്യമാണ്. തനിക്ക് ഒരു പാർലമെൻററി വ്യാമോഹവും ഇല്ലെന്ന് ബെന്യാമിൻ വ്യക്തമാക്കി.
ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ ഗോഡ്സെയെ ആദരിച്ചത് മീര വിമർശിച്ചിരുന്നു. ഗാന്ധിയെ തുടച്ചു മാറ്റാൻ കോൺഗ്രസ് ശ്രമിച്ചിട്ട് നടന്നില്ല പിന്നെയല്ലേ ഹിന്ദുമഹാസഭ എന്നായിരുന്നു പോസ്റ്റ്. ഇതാണ് വിവാദത്തിന് തിരിതെളിച്ചത്. കെ ആർ മീര പറഞ്ഞത് ശുദ്ധ അസംബന്ധമാണെന്നായിരുന്നു ബെന്യാമിന്റെ പ്രതികരണം.
ആരെ ഏത് രീതിയിൽ വിമർശിക്കണം എന്നുമുള്ള വിവരമില്ലായ്മ ആണ് മീരയുടെ പോസ്റ്റ്. അത് ഗുണം ചെയ്യുന്നത് സംഘപരിവാറിന് ആണെന്ന് അറിയാതെ അല്ല.അറിഞ്ഞു കൊണ്ട് എഴുതുന്നതാണ് അപകടമെന്നും ബെന്യാമിൻ ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ ഇതേ ഭാഷയിൽ മറുപടിയുമായി കെആർ രംഗത്തെത്തിയിരുന്നു.
ബെന്യാമിന് വിവരമില്ലായ്മ എന്നായിരുന്നു കെ ആർ മീരയുടെ മറുപടി. ഗാന്ധിനിന്ദയ്ക്ക് എതിരെ ശബ്ദിക്കാൻ ബെന്യാമിന് ചങ്കുറപ്പില്ല. തന്നെ സംഘപരിവാറായി അവതരിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് വിമർശനം. രാഷ്ട്രീയപാർട്ടികളുടെ അപ്പക്കഷണം തനിക്ക് ആവശ്യമില്ലെന്നും സദാചാരത്തിന്റെ കാവലാളാണെന്ന് ബെന്യാമിൻ മേനി നടിക്കുകയാണെന്നും മീര ഫേസ്ബുക്കിലൂടെ മറുപടി നല്കി.