KeralaTop News

കുണ്ടറ പീഡനക്കേസ്; പ്രതിയായ മുത്തച്ഛന് 3 ജീവപര്യന്തം തടവ്

Spread the love

കൊല്ലം കുണ്ടറയിൽ പതിനൊന്നുവയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയായ മുത്തച്ഛന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കൊട്ടാരക്കര അതിവേഗ കോടതി ജഡ്ജി അഞ്ചു മീരയാണ് കേസിൽ വിധിപറഞ്ഞത്. പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു.കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് ശേഷമാണ് വിധി വന്നത്. പീഡനത്തിന്റെ ഉത്തരവാദിത്തം കുട്ടിയുടെ പിതാവിന്റെ തലയില്‍ കെട്ടിവെക്കാനും മുത്തച്ഛന്‍ ശ്രമിച്ചിരുന്നു. 2017 ജനുവരി 15 ലായിരുന്നു കേസിനാസ്പദമായ സംഭവം.

പ്രതിയുടെ ഭാര്യയും പെണ്‍കുട്ടിയുടെ മുത്തശ്ശിയുമായ സ്ത്രീ നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് ഇയാളുടെ പങ്ക് പുറത്ത് വന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. കുട്ടിയുടെ പിതാവ് ഡിജിപിക്ക് അടക്കം നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവത്തില്‍ വീണ്ടും അന്വേഷണം നടന്നത്. എന്തെങ്കിലും വിവരം പുറത്തറിയിച്ചാല്‍ കൊല്ലുമെന്നായിരുന്നു പ്രതി വീട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നത്.കൊല്ലം എസ്പിയുടേയും കൊട്ടാരക്കര ഡിവൈഎസ്പി ബി കൃഷ്ണകുമാറിന്റെയും ജാഗ്രതയോടെയുള്ള അന്വേഷണമാണ് ഇയാളെ നിയമത്തിന് മുന്നിലെത്തിച്ചത്.