Tuesday, April 22, 2025
Latest:
KeralaTop News

രണ്ടരവയസുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; അമ്മാവനെ വീണ്ടും ചോദ്യം ചെയ്യും

Spread the love

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മാവൻ ഹരികുമാറിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. കുഞ്ഞിന്റെ അമ്മ ശ്രീതുവുമായുള്ള പ്രശ്നത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൻറെ പ്രാഥമിക കണ്ടെത്തൽ.

എങ്ങനെ കൊന്നും എപ്പോൾ കൊന്നു ആര് കൊന്നു എന്നതിനൊക്കെ ഉത്തരമായി. അവശേഷിക്കുന്ന ചോദ്യങ്ങൾ എന്തിന് വേണ്ടി, മറ്റാർക്കെങ്കിലും പങ്കുണ്ടോ. കുഞ്ഞിന്റെ അച്ചനെയും മുത്തശ്ശിയെയും പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചിരുന്നു. അമ്മയുടെ പങ്ക് തെളിയിക്കുന്ന ഒന്നും ഇതുവരെ കിട്ടിയിട്ടുമില്ല. ഇവർ ഇപ്പോൾ പൂജപ്പുര മഹിളാ മന്ദിരത്തിൽ സർക്കാർ സംരക്ഷണത്തിലാണ്. ബന്ധുക്കളാരും ഏറ്റെടുക്കാൻ വരാത്തതോടെയാണ് അങ്ങോട്ടേക്ക് മാറ്റിയത്. വേണ്ടി വന്നാൽ വീണ്ടും ചോദ്യം ചെയ്തേക്കും.

അമ്മാവൻ ഹരികുമാറാകട്ടെ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഉറങ്ങി കിടന്നിരുന്ന കുഞ്ഞിനെ കൊല്ലാൻ മാത്രം എന്ത് പകയാണ് ഇയാൾക്ക് ഉള്ളതെന്നാണ് അറിയേണ്ടത്. കുഞ്ഞിന്റെ അമ്മ ശ്രീതുവുമായി ഇയാൾ നടത്തിയ വാട്സാപ്പ് ചാറ്റിൽ നിന്ന് ചില നിർണായക വിവരങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇത് നിരത്തി വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്നതിന് മുന്നേ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം കിട്ടുമെന്നാണ് പ്രതീക്ഷ.