‘അതീവ രഹസ്യമായി മദ്യനിർമ്മാണ പ്ലാൻ്റിന് അനുമതി നൽകിയത് എന്തിന്’?; എം ബി രാജേഷിന് മറുപടിയുമായി വി.ഡി സതീശൻ
എക്സൈസ് മന്ത്രി എം ബി രാജേഷിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രി പ്രതിപക്ഷത്തെ പഠിപ്പിക്കുന്നത് എൽ.ഡി.എഫ് ഘടകകക്ഷികൾക്ക് പോലും ബോധ്യപ്പെടാത്ത കാര്യങ്ങളാണെന്നാണ് പരിഹാസം. മറ്റൊരു വകുപ്പുമായും ചർച്ച ചെയ്യാതെ അതീവ രഹസ്യമായി മദ്യനിർമ്മാണ പ്ലാൻ്റിന് അനുമതി നൽകിയത് എന്തിന് എന്ന ചോദ്യത്തിന് എക്സൈസ് മന്ത്രിക്ക് ഇപ്പോഴും മറുപടിയില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. വസ്തുതകൾ വളച്ചൊടിക്കാൻ ഉള്ള എക്സൈസ് മന്ത്രിയുടെ നീക്കം ആരെ സഹായിക്കാനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. രമേശ് ചെന്നിത്തലയ്ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചു. എക്സൈസ് മന്ത്രിയും ഒയാസിസ് പ്രതിനിധികളും തമ്മിൽ ചർച്ച നടത്തിയത് എവിടെവെച്ചാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
കേരളത്തിന് കോടികളുടെ ലാഭമുണ്ടാക്കുന്ന പാലക്കാട് ബ്രൂവറി പദ്ധതിയെ എതിര്‍ക്കുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഇന്ന് പറഞ്ഞത്. കേരളത്തിന് പുറത്തുള്ള സ്പിരിറ്റ് നിര്‍മ്മാണ കമ്പനികളുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നും എം.ബി രാജേഷ് ചോദിച്ചു. സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ക്യാബിനറ്റ് രേഖ താന്‍ കണ്ടെത്തിയ രഹസ്യരേഖയാക്കി അവതരിപ്പിച്ച് പ്രതിപക്ഷ നേതാവ് പരിഹാസ്യനാവുകയാണെന്നും എം.ബി. രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പുറത്തുവിട്ട ക്യാബിനറ്റ് രേഖ പൊതുസമൂഹത്തിന് മുൻപിൽ ഇതുവരെ ഉണ്ടായിരുന്നില്ല.പുതിയ മദ്യനയം വരുന്നതിനു മുൻപ് എങ്ങനെയാണ് ഒയാസിസ് കമ്പനി എലപ്പുള്ളി പഞ്ചായത്തിൽ സ്ഥലം വാങ്ങിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കോളജ് നിർമ്മിക്കാൻ എന്ന പേരിലാണ് സ്ഥലം വാങ്ങിയത്,
ഒയാസിസ് കമ്പനിക്ക് വേണ്ടി മദ്യനയം മാറ്റിയെന്ന് ഇതിലൂടെ വ്യക്തമാണ്. ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും ഒയാസിസ് കമ്പനിയുടെ ഭാഗത്ത് നിന്നും ഒരു വിശദീകരണക്കുറിപ്പ് പോലും ഇറങ്ങിയിട്ടില്ല എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
2022-23 ലെ മദ്യനയത്തിൽ പറഞ്ഞ കാര്യമാണിത്. ഇതിനോട് പ്രതിപക്ഷ നേതാക്കൾ പ്രതികരിച്ചതുമാണ്. അതൊക്കെ രേഖയിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാം നയത്തിൽ പറഞ്ഞിട്ടും എങ്ങനെ ഒരു കമ്പനി മാത്രം അറിഞ്ഞു എന്ന് ആവർത്തിക്കുന്നു. 2023 നവംബർ 30നാണ് എക്‌സൈസ് ഇൻസ്പക്ടർക്കാണ് ആദ്യം അപേക്ഷ നൽകുന്നത്. 10 ഘട്ടമായി പരിശോധന പൂർത്തിയാക്കിയാണ് അനുമതി നൽകിയതെന്ന് മന്ത്രി പറഞ്ഞു.
സാധാരണ നടപടിക്രമം പാലിച്ചാണ് അനുമതി നിർദ്ദേശം മന്ത്രിസഭാ യോഗത്തിൽ എത്തിച്ചത്. ഘടകകക്ഷികളെ കാര്യങ്ങൾ ബോധ്യപ്പെടുത്തും. ഘടകകക്ഷികളുടെ ആശങ്ക എൽഡിഎഫ് ചർച്ച ചെയ്യും. പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി എംബി രാജേഷ് വ്യക്തമാക്കി. മുഖ്യമന്ത്രി കാര്യങ്ങൾ വ്യക്തമാക്കി. അപവാദങ്ങൾ ഭയന്ന് പിന്നോട്ട് പോകില്ലെന്ന് മന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടിരിക്കുന്നത് മന്ത്രിസഭാ രേഖയാണ്. പൊതു മണ്ഡലത്തിലുള്ള കാര്യമാണ് പുറത്ത് വിട്ടത്. 16-ന് തന്നെ വെബ് സൈറ്റിൽ അപ് ലോഡ് ചെയ്ത കാര്യമാണ്. അതാണ് രഹസ്യ രേഖ എന്ന് അവതരിപ്പിക്കുന്നതെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. ഒറ്റ കമ്പനി മാത്രം എങ്ങനെ അറിഞ്ഞു എന്നതാണ് ചോദിക്കുന്നത്. ഇങ്ങനെ കൂസലില്ലാതെ കളളം പറയാമയെന്ന് മന്ത്രി ചോദിച്ചു. പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും മത്സരിച്ച് കള്ളം പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിക്ക് മുന്നിൽ എത്തിയപ്പോൾ ജല ലഭ്യത ഉറപ്പാക്കാൻ വേണ്ടി ഫയൽ തിരിച്ചയച്ചു. അതിൻ്റെ റിപ്പോർട്ട് വന്ന ശേഷമാണ് മന്ത്രിസഭാ യോഗത്തിൽ വെച്ചതെന്ന് മന്ത്രി വിശദീകരിച്ചു. വെള്ളത്തിൻ്റെ കാര്യം പലർക്കും തെറ്റിധാരണ ഉണ്ടാക്കിയിട്ടുണ്ട്. ഒരു വർഷം കുടിവെള്ളത്തിന് ആവശ്യമായി വരുന്നത് മലമ്പുഴ അണക്കെട്ടിൽ ഒറ്റത്തവണ സംഭരിക്കുന്നതിൻ്റെ 13.6 ശതമാനം വെള്ളം മാത്രമാണ്. എലപ്പുള്ളിയിലും വടകരപ്പതിയിലും മഴവെള്ള സംഭരണം നടക്കുമോ എന്ന് പരിശോധിക്കാൻ മാധ്യമങ്ങളടക്കം എല്ലാവരേയും ക്ഷണിക്കുന്നുവെന്നും അഹല്യാ കാമ്പസിൽ മഴവെള്ള സംഭരണി ഉണ്ടെന്നും മന്ത്രി പറഞ്ഞു.