KeralaTop News

എന്‍എം വിജയന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി; വിഷമിക്കണ്ട, ഒപ്പമുണ്ടാകുമെന്ന് പ്രിയങ്ക പറഞ്ഞുവെന്ന് കുടുംബം

Spread the love

ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി. 20 മിനിറ്റോളം പ്രിയങ്ക ഡിസിസി ട്രഷററുടെ കുടുംബവുമായി സംസാരിച്ചു. മകന്‍ വിജേഷും മരുമകള്‍ പത്മജയും മൂന്ന് മക്കളും മാത്രമാണ് പ്രിയങ്കയ്‌ക്കൊപ്പം അടച്ചിട്ട മുറിയില്‍ ഉണ്ടായിരുന്നത്. എന്‍ എം വിജയന്റെ കത്ത് പ്രിയങ്ക ഗാന്ധി തര്‍ജ്ജമ ചെയ്തു വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ആരാഞ്ഞുവെന്നാണ് വിവരം. സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ചോദിച്ചു. അതേസമയം, എന്‍എം വിജയന്റെ ആത്മഹത്യയില്‍ എംഎല്‍എ അടക്കം പ്രതിയാണല്ലോ എന്ന് ചോദ്യത്തിന് കേസന്വേഷണം നടക്കുകയാണല്ലോ എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ മറുപടി. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല.

എല്ലാ രീതിയിലും തങ്ങളെ പിന്തുണച്ചാണ് പ്രിയങ്ക സംസാരിച്ചതെന്ന് എന്‍എം വിജയന്റെ കുടുംബം പ്രതികരിച്ചു. സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നത് ഉള്‍പ്പടെയുള്ള കാര്യത്തില്‍ എത്രയും പെട്ടന്ന് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയതായും കുടുംബം അറിയിച്ചു. പാര്‍ട്ടി വിഷയത്തില്‍ അന്വേഷണക്കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും അതിന്റെ അന്തിമ റിപ്പോര്‍ട്ട് വന്നതിന് ശേഷം ബാക്കി കാര്യങ്ങളിലേക്ക് നീങ്ങാമെന്നാണ് പറഞ്ഞതെന്നും കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയവരുടെ കാര്യത്തെ കുറിച്ച് എന്തെങ്കിലും പറഞ്ഞോ എന്ന ചോദ്യത്തിന് കുടുംബം പ്രതികരിച്ചു. വിഷമിക്കണ്ട, കുടുംബത്തോടൊപ്പമുണ്ടാകുമെന്ന് പ്രിയങ്ക പറഞ്ഞതായും അവര്‍ വ്യക്തമാക്കി.

അതേസമയം, വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീടും പ്രിയങ്ക ഗാന്ധി എംപി സന്ദര്‍ശിച്ചു.രാധയുടെ കുടുംബത്തെ പ്രിയങ്ക ആശ്വസിപ്പിച്ചു. ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ വീട്ടിലും പ്രിയങ്ക ഗാന്ധി സന്ദര്‍ശനം നടത്തി. അതിനിടെ പ്രിയങ്ക ഗാന്ധിക്ക് നേരെ സിപിഐഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന മലയോര യാത്രയില്‍ പ്രിയങ്ക പങ്കെടുക്കും.