KeralaTop News

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയ്ക്കായി വ്യാപക തിരച്ചിൽ; പൊലീസ് വീഴ്ചയിൽ റിപ്പോർട്ട് തേടി ADGP മനോജ് എബ്രഹാം

Spread the love

പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമരയ്ക്കായി വ്യാപക തിരച്ചിൽ. നെല്ലിയാമ്പതി വനമേഖലയിലെ അരക്കമലയിൽ പൊലീസിന്റെ വൻസംഘമാണ് പരിശോധന നടത്തുന്നത്. അകംപാടത്തെ പാറമടയിലും പരിശോധന നടത്തുകയാണ്. ഇരട്ടക്കൊലപാതകത്തിലെ പൊലീസ് വീഴ്ചയിൽ എഡിജിപി മനോജ് എബ്രഹാം പാലക്കാട് എസ്പിയോട് റിപ്പോർട്ട് തേടി. ജാമ്യ വ്യവസ്ഥ ലംഘിച്ചതിൽ നടപടി എടുക്കാത്തതിലാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്.

അതേസമയം ചെന്താമരയെ പാലക്കാട്‌ നഗരത്തിൽ കണ്ടെന്ന വിവരം വ്യാജമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പാലക്കാട്‌ കൊട്ട മൈതാനത്ത് വെച്ച് കണ്ടെന്നാണ് വാർത്ത പ്രചരിച്ചത്. തെറ്റായ വിവരം പ്രചരിപ്പിക്കരുതെന്ന് ആലത്തൂർ ഡിവൈഎസ്‌പി മുരളീധരൻ വ്യക്തമാക്കി. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. ചെന്താമരനെ ഒടുവിൽ കണ്ടു എന്ന് കരുതുന്ന കുളത്തിൽ സ്കൂബ സംഘം തെരച്ചിൽ നടത്തിയിരുന്നു.

കൊലപാതകത്തിന് കാരണം പൊലീസ് വീഴ്ചയാണെന്ന ആരോപണം നിലനിൽക്കെയാണ് പ്രതി പിടികൂടാൻ പൊലീസിന്റെ ഊർജിത ശ്രമം. നെന്മാറ പോലീസിനോട് പാലതവണ തങ്ങൾക്ക് ഭീഷണി ഉണ്ടെന്ന് പറഞ്ഞതാണെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ പറഞ്ഞു. തങ്ങൾ നൽകിയ പരാതിക്ക് ഒരു വിലയും പോലീസ് നൽകിയില്ലെന്ന് അവർ പറ‍ഞ്ഞു. പോലീസ് വില കല്പിച്ചിരുന്നെങ്കിൽ അച്ഛൻ ഇന്ന് ജീവിച്ചിരുന്നേനെയെന്നും പ്രതിയെ ഇനിയും പിടികൂടിയില്ലെങ്കിൽ തങ്ങളെയും പ്രതി കൊലപ്പെടുത്തുമെന്നും മക്കൾ അഖിലയും അതുല്യയും പ്രതികരിച്ചു.

കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയെ പ്രതി ചെന്താമര കൊലപ്പെടുത്തിയത് കൂടോത്രം ചെയ്തുവെന്ന സംശയത്തെ തുടർന്നായിരുന്നു. ചെന്താമരയുടെ കുടുംബ ബന്ധം തകർത്തത് നീളമുള്ള മുടിയുള്ള സ്ത്രീയാണെന്ന് ഒരു ജോത്സ്യൻ പ്രവചിച്ചതാണ് കൊലപാതത്തിലേക്ക് നയിച്ചത്. 2019 ലാണ് സജിതയെ കൊലപ്പെടുത്തിയത്. സജിതയെ കൂടാതെ അയൽപക്കത്തെ മറ്റ് സ്ത്രീകളെയും ചെന്താമരക്ക് സംശയമുണ്ടായിരുന്നു. പ്രതി തമിഴ്നാട്ടിലേക്ക് കടന്നെന്ന അഭ്യൂഹവും ശക്തമാണ്. ഇന്നലെ രാവിലെയാണ് നെന്മാറയിൽ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയൽവാസികളായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയത്.