ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ പിന്തുണക്കാന്‍ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പ്രചാരം നല്‍കാന്‍ യുവജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘രാജ്യത്ത് ഓരോ മാസവും തിരഞ്ഞെടുപ്പാണ്. സ്വാതന്ത്ര്യത്തിന് ശേഷം ഏറെക്കാലം പാര്‍ലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഒരുമിച്ചാണ് നടത്തിയിരുന്നത്. കാലക്രമേണ ആ രീതി തകിടംമറിഞ്ഞു. ഇപ്പോള്‍ തുടര്‍ച്ചായിയ തിരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ അനുബന്ധ ജോലികള്‍ക്കായി അധ്യാപകരെ ഉള്‍പ്പെടെ നിയോഗിക്കേണ്ടിവരുന്നു. ഇത് നിങ്ങളുടെ പഠനത്തെയും പരീക്ഷകളെയുമൊക്കെ ബാധിക്കുകയാണ്. ഇന്ന് ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് രാജ്യത്ത് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഒറ്റ തിരഞ്ഞെടുപ്പ് ഭരണകാര്യങ്ങളില്‍ തടസം വരുന്നത് ഒഴിവാക്കാനും കൂടുതല്‍ മെച്ചപ്പെട്ട ഭരണം കാഴ്ചവെക്കാനും സഹായകമാകും’ – പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് എന്‍സിസി കേഡറ്റുകളുടെ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അമേരിക്കയുള്‍പ്പെടെ മറ്റ് ലോകരാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് ഇടവേളകളുമായി ഇന്ത്യയിലേത് താരതമ്യം ചെയ്തായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ഒറ്റ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ രാജ്യത്തെ എന്‍സിസി അംഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും യുവാക്കളും മുന്നോട്ട് തയാറാകണമെന്നും നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.
ബിജെപിയുടെ അഭിമാന പദ്ധതിയാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്. ആയിരക്കണക്കിന് വരുന്ന എന്‍സിഎസി അംഗളിലൂടെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതി സ്‌കൂളുകളിലും കോളജുകളിലുമുള്‍പ്പെടെ ചര്‍ച്ചയാക്കാന്‍ ബിജെപി ലക്ഷ്യമിടുന്നു. ഒരു രാജ്യം ഒരു രാജ്യം തിരഞ്ഞെടുപ്പ് പദ്ധതിയെ പ്രകീര്‍ത്തിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു റിപ്പബ്ലിക് ദിന സന്ദേശം നല്‍കിയതിന് പിന്നാലെയാണ് പൊതുവേദിയില്‍ പ്രധാനമന്ത്രിയും വിഷയം ചര്‍ച്ചയാക്കിയത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതി നടപ്പാക്കുന്നതിലൂടെ ഭരണ സ്ഥിരത പ്രോത്സാഹിപ്പിക്കാനും നയപരമായ സ്തംഭനാവസ്ഥ തടയാനും സാമ്പത്തിക ഭാരം കുറയ്ക്കാനും ഒരു പരിധി വരെ കഴിയുമെന്നാണ് രാഷ്ട്രപതി പറഞ്ഞത്.
ഡിസംബര്‍ 17നാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതിനുള്ള രണ്ട് ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ലോക്‌സഭയുടെ 5 വര്‍ഷ പൂര്‍ണ കാലാവധിക്കൊപ്പം നിയമസഭകളുടെ കാലാവധിയും അവസാനിക്കും. 5 വര്‍ഷത്തെ പൂര്‍ണകാലാവധിക്കു മുന്‍പ് ലോക്‌സഭ പിരിച്ചുവിടുന്ന സാഹചര്യമുണ്ടായാല്‍ അവശേഷിക്കുന്ന കാലയളവിനെ പൂര്‍ത്തിയാകാത്ത കാലാവധിയായി കണക്കാക്കും. തുടര്‍ന്ന് നടക്കുന്നത് ഇടക്കാല തിരഞ്ഞെടുപ്പ്. ഇടക്കാല തിരഞ്ഞെടുപ്പിലൂടെ രൂപപ്പെടുന്ന ലോക്‌സഭയ്ക്ക് ബാക്കി സമയത്തേക്ക് മാത്രമാവും കാലാവധി. നിയമസഭകളുടെ കാര്യത്തിലും ഇതേ രീതി പാലിക്കും.
ബില്ലുകള്‍ നിലവില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലാണ്. കോണ്‍ഗ്രസ് എം പി പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ 39 പേരാണ് സമിതിയിലുള്ളത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഫെഡറലിസത്തിലേക്കുള്ള കടന്നുകയറ്റം ആണെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷം ആരോപിക്കുന്നത്. ബില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.