NationalTop News

ദുരഭിമാനക്കൊല; ഇതര ജാതിയില്‍പ്പെട്ട യുവതിയെ കല്യാണം കഴിച്ചതിന് യുവാവിനെ തല്ലിക്കൊന്നു

Spread the love

തെലങ്കാനയിൽ ഇതര ജാതിയിലുള്ള യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച ദളിത് യുവാവിനെ തല്ലിക്കൊന്നു. സൂര്യപേട്ട് സ്വദേശി കൃഷ്ണയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ സഹോദരൻ ഉൾപ്പെടെ മൂന്ന് പേർക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.

ആറ് മാസം മുമ്പായിരുന്നു സൂര്യപേട്ട് സ്വദേശി കൃഷ്ണയും ഭാർഗവിയും തമ്മിലുള്ള വിവാഹം. ഇതര ജാതിയിൽപ്പെട്ട കൃഷ്ണയുമായുള്ള വിവാഹത്തെ പെൺകുട്ടിയുടെ കുടുംബം ശക്തമായി എതിർത്തിരുന്നു. കല്യാണത്തിന് ശേഷം ഭീഷണി തുടർന്നു. കഴിഞ്ഞ ദിവസം സൗഹൃദം നടിച്ച് ഭാർഗവിയുടെ സഹോദരൻ മഹേഷ് കൃഷ്ണയെ വീട്ടിൽ നിന്ന് കൂട്ടികൊണ്ടുപോയി. തുടർന്ന് കൊലപ്പെടുത്തി മൃതദേഹം കാനാൽ കരയിൽ ഉപേക്ഷിച്ചെന്നാണ് കൃഷ്ണയുടെ കുടുംബത്തിന്റെ ആരോപണം.

തലപൊട്ടി ചോരയിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. മറ്റ് എവിടെന്നെങ്കിലും കൊലപ്പെടുത്തി മൃതദേഹം കനാലിന് സമീപം ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം ദളിത് സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.