Wednesday, February 5, 2025
Latest:
Top NewsWorld

സന്ധിവാതവും ഉളുക്കും മാറാൻ കടുവാമൂത്രം, 250 മില്ലിക്ക് 596 രൂപ; വിൽപ്പനയുമായി ചൈന മൃഗശാല, വിമർശനം

Spread the love

സന്ധിവാതത്തിനു മരുന്നായി കടുവാമൂത്രം വില്‍പ്പനയ്ക്ക് വച്ച്‌ ചൈനയിലെ മൃഗശാല. ദി യാൻ ബിഫെൻജിക്സിയ മൃഗശാലാ അധികൃതരാണ് കടുവയുടെ മൂത്രം കുപ്പികളിലാക്കി വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

വൈറ്റ് വൈനും ഒരു കഷ്ണം ഇഞ്ചിയും ചേർന്ന മിശ്രിതത്തില്‍ കടുവയുടെ മൂത്രം കൂടി കലർത്തി വേദനയുള്ള ഭാഗത്ത് പുരട്ടിയാല്‍ സന്ധിവാതം, ഉളുക്ക്, പേശിവേദന എന്നിവയെല്ലാം മാറുമെന്നാണ് അവകാശവാദം. കടുവാമൂത്രം കുടിക്കുന്നതും നല്ലതാണെന്ന് അവകാശപ്പെടുന്നുണ്ട്. പക്ഷേ എന്തെങ്കിലും വിധത്തിലുള്ള അലർജി അനുഭവപ്പെട്ടാല്‍ മൂത്രം കുടിക്കുന്നത് പെട്ടെന്ന് തന്നെ നിർത്തണമെന്നും മൃഗശാല അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇത് സംബന്ധിച്ച് ഒരു പഠനവും നടന്നിട്ടില്ലെന്നും ശാസ്ത്രീയ അടിത്തറയില്ലെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മരുന്ന് വില്‍പ്പന സംബന്ധിച്ച് സര്‍ക്കാരിന്റെ ശക്തമായ നിയമം നിലനിൽക്കുന്ന സാഹചര്യത്തിൽ എങ്ങനെയാണ് ഇവര്‍ വില്‍പ്പന നടത്തുന്നതെന്ന് അറിയില്ലെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 2014ല്‍ റിയാലിറ്റി ഷോ വിജയികള്‍ക്ക് കടുവയുടെ മൂത്രം സമ്മാനമായി നല്‍കി ഇതിനു മുൻപും ഇതേ മൃഗശാല വിവാദങ്ങളില്‍ ഇടം പിടിച്ചിരുന്നു.

250 മില്ലി ലിറ്റർ മൂത്രത്തിന് 596 രൂപയാണ് (50 യുവാൻ) വില. കടുവാ മൂത്രം വില്‍ക്കുന്ന വാർത്തകള്‍ പ്രചരിച്ചതോടെ സംഭവം വൻ വിവാദമായി മാറിയിരിക്കുകയാണ്. കടുവക്കൂട്ടില്‍ സജ്ജീകരിച്ചിരിക്കുന്ന പാത്രത്തില്‍ നിന്നാണ് കടുവാമൂത്രം ശേഖരിക്കുന്നതെന്ന് മൃഗശാലയിലെ ജോലിക്കാരൻ പറയുന്നു. എന്നാല്‍ ഏതെങ്കിലും വിധത്തിലുള്ള ശുദ്ധീകരണം നടക്കുന്നുണ്ടോ എന്നതില്‍ വ്യക്തതയില്ല.

വളരെ കുറച്ചു പേരെ നിലവില്‍ കടുവാ മൂത്രം പരീക്ഷിക്കാൻ തയാറായിട്ടുള്ളൂ. ദിവസത്തില്‍ രണ്ട് കുപ്പി മൂത്രമേ വിറ്റഴിയാറുള്ളൂവെന്ന് അധികൃതർ പറയുന്നു. കടുവാമൂത്രം സന്ധിവാതം മാറ്റുമെന്നതില്‍ ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഇത്തരത്തില്‍ യാതൊരു വിധ പഠനങ്ങളും നടന്നിട്ടില്ല.