KeralaTop News

വയനാട്ടിലെ 6 റേഞ്ചുകളിൽ ജനകീയ പരിശോധന, ജനങ്ങളുടെ ഭയം പരിഹരിക്കും; മന്ത്രി എ കെ ശശീന്ദ്രൻ

Spread the love

വയനാട്ടിലെ 6 റേഞ്ചുകളിലും 3 ദിവസം ജനകീയ പരിശോധന നടത്തുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ചൊവ്വ, വ്യാഴം , ശനി ദിവസങ്ങളിൽ ആണ് ഉൽകണ്ഠ പ്രകടിപ്പിച്ച മുഴുവൻ കാടുകളിലും ഡ്രോണുകൾ ഉപയോഗിച്ചുകൊണ്ടായിരിക്കും പരിശോധന നടത്തുക. അതിനൊരു ആക്‌ഷൻ പ്ലാൻ തയ്യാറാക്കും.
പൊലീസ് സേവനം ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ജനങ്ങളുടെ ഭയം പരിഹരിക്കുകയാണ് ആദ്യം ചെയ്യുക. അതിനായി അടിക്കാടുകൾ വെട്ടിമാറ്റും. ജനപ്രതിനിധികളെ കൂടി പ്രയോജനപ്പെടുത്തിയാകും നടപടി. ദുരന്ത നിവാരണ ഫണ്ട് വിനിയോഗിക്കുമെന്നും പ്രിയദർശിനി എസ്റ്റേറ്റ് തൊഴിലാളികൾക്ക് കഴിഞ്ഞ കർഫ്യൂ ദിനങ്ങളിലെ വേതനം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ഇന്ന് രാവിലെയാണ് വീടിന് സമീപത്ത് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. രാധയെ കൊന്ന അതേ കടുവ തന്നെയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റിൽ നിന്നും കണ്ടെത്തി. മരണകാരണം കടുവയുടെ കഴുത്തിലുണ്ടായ മുറിവെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നി​ഗമനം. കടുവയുടെ കഴുത്തിൽ ഏറ്റുമുട്ടലിൽ സംഭവിച്ച നാല് മുറിവുകൾ ഉണ്ടായിരുന്നു. ഉൾവനത്തിൽ വെച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ മുറിവെന്നാണ് നി​ഗമനം. ഇന്നലെയുണ്ടായ ഏറ്റമുട്ടലിലാണ് കടുവയ്ക്ക് പരുക്കേറ്റത്. ഈ മുറിവുകൾ മരണകാരണമായെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.

മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കഴിഞ്ഞ 24 നാണ് കടുവയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെടുന്നത്. കാപ്പി പറിക്കാന്‍ പോയ സമയത്താണ് വനംവകുപ്പ് താത്കാലിക വനംവാച്ചറായ അപ്പച്ചന്റെ ഭാര്യ രാധയെ കടുവ ആക്രമിച്ചത്. രാവിലെ എട്ടരയോടെയാണ് ഇവര്‍ കാപ്പിതോട്ടത്തിലേക്ക് പോയത്. സാധാരണ പരിശോധനക്കെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് പ്രദേശവാസികളുടെ പ്രതിഷേധം രൂക്ഷമായതോടെയാണ് നരഭോജി കടുവയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ടത്.