NationalTop News

വിരലടയാളം പ്രതിയുടെതല്ലെന്ന വാർത്ത ശരിയല്ല; സെയ്ഫ് അലിഖാനെ ആക്രമിച്ച കേസിൽ പ്രതിരോധത്തിലായി പൊലീസ്

Spread the love

നടൻ സെയ്ഫ് അലിഖാനെ ആക്രമിച്ച കേസിൽ പ്രതിരോധത്തിലായി പൊലീസ്.
വിരലടയാളം പ്രതിയുടെതല്ലെന്ന വാർത്ത ശരിയല്ലെന്ന് പൊലീസ്. അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് ഡിസിപി അറിയിച്ചു. സിസിടിവിയിലെ മുഖമല്ല അറസ്റ്റിലായ പ്രതിയുടേതെന്ന വാദം പൊളിക്കാൻ ശാസ്ത്രീയ പരിശോധനയും നടത്തും.ഫ്ലാറ്റിലെ ദൃശ്യങ്ങൾക്ക് വ്യക്തതയില്ലാത്തതിനാൽ റെയിൽവേ സ്റ്റേഷനിലെ ദൃശ്യങ്ങളാണ് പരിശോധിക്കുക.

അതിനിടെ കേസന്വേഷണത്തിനിടെ പൊലീസ് ആളുമാറി അറസ്റ്റ് ചെയ്ത പ്രതിയുടെ ജോലിയും പോയി വിവാഹവും മുടങ്ങി. ആകാശ് കനോജിയ എന്ന 31 കാരനാണ് ദുരവസ്ഥ പങ്കുവെച്ചത്. പ്രതി താനാണോ എന്ന് ഉറപ്പിക്കും മുമ്പ് പൊലീസ് ഫോട്ടോ സഹിതം മാധ്യമങ്ങൾക്ക് വാർത്ത നൽകിയെന്ന് ആകാശ് ആരോപിച്ചു.

ജനുവരി 16 നായിരുന്നു മുംബൈ ബാന്ദ്ര വെസ്റ്റിലെ വസതിയില്‍ വെച്ച് സെയ്ഫ് ആക്രമിക്കപ്പെടുന്നത്. നടന്റെ കൈയിലും കഴുത്തിലുമായി ആറ് മുറിവുകളും നട്ടെലിന്റെ ഭാഗത്ത് ആക്രമി കത്തി ഉപയോഗിച്ച് ആഴത്തിൽ കുത്തുകയും ചെയ്തിരുന്നു. സംഭവ ദിവസത്തിലെ സിസിടിവി ദൃശ്യങ്ങള്‍ അനുസരിച്ച് ആദ്യം പ്രതിയെന്ന് കരുതി ഒരാളെ അറസ്റ്റു ചെയ്തിരുന്നു എന്നാൽ പിന്നീട് അയാളെ പൊലീസ് വിട്ടയച്ചു. പിന്നീടാണ് ബംഗ്ലാദേശ് സ്വദേശിയായ ഷരീഫുല്‍ ഇസ്ലാമിനെ പ്രതിയാക്കിയത്. സംഭവത്തില്‍ ഒന്നിലധികം ആളുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നതായി പോലീസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഷരീഫുള്‍ ഇസ്ലാമിന്റെ റിമാന്‍ഡ് ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് പോലീസ് ഇക്കാര്യം പറഞ്ഞത്. ഇതിനിടെയാണ് വിരലടയാള പരിശോധനയിൽ പുതിയ ട്വിസ്റ്റ് ഉണ്ടാകുന്നത്.

സെയ്ഫ് അലിഖാന്റെ വീട്ടില്‍ നിന്നും ഫോറന്‍സിക്ക് കണ്ടെത്തിയ 19 വിരലടയാളങ്ങളില്‍ ഒന്ന് പോലും പ്രതി ഷരീഫുല്‍ ഇസ്ലാമിന്റേതല്ലെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. ശാസ്ത്രീയ പരിശോധനകളില്‍ ഈ വിരലടയാളങ്ങളില്‍ ഒന്ന് പോലും ഷരീഫുള്‍ ഇസ്ലാമിന്റേതുമായി യോജിക്കുന്നിലായിരുന്നു.