KeralaTop News

ഒറ്റുകാരോട് സമരസപ്പെടേണ്ടതില്ല; കലാ രാജുവിനെ തട്ടിക്കൊണ്ടുപോയതില്‍ പാര്‍ട്ടിക്ക് വീഴ്ചയില്ലെന്ന് സിപിഐഎം ജില്ലാ സമ്മേളത്തിന്റെ വിലയിരുത്തല്‍

Spread the love

കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാരാജുവിനെ തട്ടിക്കൊണ്ടുപോയതില്‍ പാര്‍ട്ടിക്ക് വീഴ്ചയില്ലന്ന് സിപിഐഎം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടിയെ ഒറ്റു കൊടുക്കുന്നവരോട് സമരസപ്പെടേണ്ടതില്ല എന്നാണ് സമ്മേളനത്തില്‍ ഉയര്‍ന്ന നിലപാട്. സിപിഐക്കെതിരെ അതിരൂക്ഷ വിമര്‍ശനം സമ്മേളന പ്രതിനിധികള്‍ ഉന്നയിച്ചു.

സ്വന്തം കൗണ്‍സിലറെ തട്ടിക്കൊണ്ടു പോയതില്‍ തെറ്റില്ലെന്നാണ് സമ്മേളന പ്രതിനിധികള്‍ ഒരേ സ്വരത്തില്‍ പറഞ്ഞത്. കൂത്താട്ടുകുളം ഏരിയ കമ്മിറ്റിക്ക് വീഴ്ച സംഭവിച്ചിട്ടില്ല. പാര്‍ട്ടിയെ പിന്നോട്ടടിടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഇത്തരത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും സമ്മേളന പ്രതിനിധികള്‍ ആവശ്യപ്പെട്ടു.ജില്ലയിലെ നേതാക്കള്‍ക്ക് പലര്‍ക്കും ഫോണ്‍മാനിയ എന്നും പ്രതിനിധികള്‍ പരിഹസിച്ചു. താടിയും മീശയും വടിക്കുന്നത് പോലും വാര്‍ത്തയാക്കുന്നത് കമ്മ്യൂണിസ്റ്റ് രീതിയില്ലെന്നായിരുന്നു വിമര്‍ശനം.

ഘടകകക്ഷിയായ സിപിഐക്കെതിരെയും അതിരൂക്ഷ വിമര്‍ശനം ഉയര്‍ന്നു. പലപ്പോഴും സിപിഐ നല്ലപിള്ള ചമയാന്‍ ശ്രമിക്കുന്നു. മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പൊതുബോധത്തിന് ഒപ്പം സഞ്ചരിക്കുന്ന നിലപാട് ശരിയല്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. മൂന്നു ദിവസം നീണ്ടുനിന്ന എറണാകുളം ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും. സി എന്‍ മോഹനന്‍ തന്നെ ജില്ലാ സെക്രട്ടറിയായി തുടരും. ജില്ലാ കമ്മിറ്റിയില്‍ എട്ടിലധികം പുതുമുഖങ്ങളും ഉണ്ടാകും.