‘ജനങ്ങൾക്ക് ഇനി സമാധാനമായി ഉറങ്ങാം, ഓപ്പറേഷൻ വയനാട് ദൗത്യം തുടരും’; എ.കെ ശശീന്ദ്രൻ
പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയെ കണ്ടെത്താനുള്ള ദൗത്യത്തിൽ പങ്കെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് വനംമന്ത്രി എ കെ ശശീന്ദ്രൻ. കടുവ ചത്തെങ്കിലും വനം വകുപ്പ് കടുവയെ പിടികൂടാൻ നടത്തിയ വെല്ലുവിളികൾ നിറഞ്ഞ ശ്രമത്തെ അഭിനന്ദിക്കുന്നു. ജനങ്ങൾക്ക് ഇനി സമാധാനമായി ഉറങ്ങാമെന്നും മന്ത്രി പറഞ്ഞു.
ഇതോടെ ഇത്തരം ദൗത്യങ്ങൾ നിർത്താൻ ആലോചിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ സ്‌പെഷ്യൽ ഓപ്പറേഷൻ ഉണ്ടാകും.ഇതിനായുള്ള ക്രമീകരണങ്ങൾ ഉടൻ നടത്തും. സംശയമുള്ള പ്രദേശങ്ങളിലെല്ലാം തിരച്ചിൽ നടത്തുമെന്നും ഓപ്പറേഷൻ വയനാട് രണ്ടാം ഘട്ടം ഉടൻ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
കടുവയുടെ മരണകാരണം സംബന്ധിച്ച സംശയങ്ങൾക്ക് പോസ്റ്റ്മോർട്ടത്തിലൂടെയേ വ്യക്തത വരൂ. ഓപ്പറേഷൻ വയനാടിൻ്റെ രണ്ടാം ഘട്ടം ഇനിയുള്ള ദിവസങ്ങളിൽ തുടരും. പിലാക്കാവിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവ തന്നെയാണ് പഞ്ചാരക്കൊല്ലിയിൽ രാധയെ കൊലപ്പെടുത്തിയത്. 17 ലധികം ക്യാമറകളിൽ ഈ കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെയാണ് നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ശരീരത്തില്‍ മുറിവുകളുണ്ട്. പോസ്റ്റ് മോര്‍ട്ടം ചെയ്താല്‍ മാത്രമെ കൂടുതല്‍ വ്യക്തത വരികയുള്ളൂ. ആഴത്തിലുള്ള മുറിവാണ് കടുവയ്ക്കുള്ളത്. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിലാണ് മുറിവുണ്ടായതെന്നാണ് നിഗമനം.