NationalTop News

ഉത്തരാഖണ്ഡില്‍ നാളെ മുതല്‍ ഏക സിവില്‍ കോഡ്

Spread the love

ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നാളെ പ്രാബല്യത്തില്‍ വരും. യുസിസി പോര്‍ട്ടലും മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി നാളെ ഉദ്ഘാടനം ചെയ്യും. ഏക സിവില്‍ കോഡ് സമൂഹത്തില്‍ തുല്യത കൊണ്ടുവരുമെന്നും എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഉറപ്പാക്കുമെന്നും പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.

വിവാഹം, വിവാഹമോചനം, അനന്തരാവകാശം, സ്വത്തവകാശം എന്നിവയില്‍ മതം, ജെന്‍ഡര്‍ എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാര്‍ക്കും തുല്യത ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. ആദിവാസി വിഭാഗത്തെ നിയമ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നാല് ഭാഗങ്ങളില്‍ ഏഴ് അധ്യായങ്ങളിലായി 392 വകുപ്പുകളാണ് നിയമത്തിലുള്ളത്. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവര്‍ക്കും വിവാഹ സര്‍ട്ടിഫിക്കറ്റിന് സമാനമായ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. പാരമ്പര്യ സ്വത്ത് കൈമാറ്റത്തിന് സാക്ഷികളുടെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് സൂക്ഷിക്കണം. എല്ലാത്തരം രജിസ്‌ട്രേഷനുകള്‍ക്കും ഫോട്ടോയും ആധാര്‍ കാര്‍ഡും നിര്‍ബന്ധമാക്കാനും ഏകീകൃത സിവില്‍ കോഡില്‍ വ്യവസ്ഥയുണ്ട്.

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് പാസാക്കിയ ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഗോവയില്‍ പിന്തുടരുന്നത് 1867-ലെ പോര്‍ച്ചുഗീസ് സിവില്‍ കോഡാണ്. ഗോവ നിയമസഭ പുതിയ നിയമം പാസാക്കിയിട്ടില്ല.