വയനാട് ദൗത്യത്തിനിടെ കടുവാ ആക്രമണം; ആർ ആർ ടി അംഗത്തിന് പരുക്ക്
വയനാട് പഞ്ചാരകൊല്ലിയിൽ കടുവാ ദൗത്യത്തിനിടെ ആർആർടി അംഗത്തിന് പരുക്ക്. ആർആർടി അംഗത്തിന് പരുക്കേറ്റതായി വനം മന്ത്രി എകെ ശശീന്ദ്രൻ സ്ഥിരീകരിച്ചു. ആക്രമിച്ചത് കടുവയെന്ന് മന്ത്രി ഒആർ കേളു സ്ഥിരീകരിച്ചു. മാനന്തവാടിയിലെ ആർ ടി അംഗം ജയസൂര്യക്കാണ് പരിക്കേറ്റത്. പരുക്കേറ്റ ആളെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിക്കും. കടുവയ്ക്കായുള്ള തിരച്ചിലിനിടെയാണ് കടുവ ആർആർടി അംഗത്തെ ആക്രമിച്ചത്. കടുവ ചാടി വീണ് ആക്രമിക്കുകയായിരുന്നുവെന്ന് മന്ത്രി ഒആർ കേളു പറഞ്ഞു.
പരുക്കേറ്റയാളെ പുറത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. രാധ കൊല്ലപ്പെട്ട പ്രദേശത്തിന് സമീപത്താണ് ആർആർടി അംഗത്തിന് നേരെയും കടുവ ആക്രമിച്ചത്. വനത്തിനുള്ളിൽ വെച്ചാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. പരുക്കേറ്റ ജയസൂര്യയുടെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഘങ്ങളായുള്ള കടുവയ്ക്കായുള്ള തിരിച്ചിലിനിടെയാണ് ജയസൂര്യയെ കടുവ ആക്രമിച്ചത്.
കടുവയെ സ്പോട്ട് ചെയ്തിരുന്നു. തുടർന്നാണ് പ്രദേശത്ത് തിരച്ചിൽ നടത്തിയത്. 20 അംഗ ആർആർടിയും 8 പേരടങ്ങുന്ന എട്ട് സംഘങ്ങളായാണ് ഇന്ന് കടുവയ്ക്കായി തിരച്ചിൽ ആരംഭിച്ചിരുന്നത്. പഞ്ചാരക്കൊല്ലിയിലേയും പരിസരത്തെയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.