പാലക്കാട് ബിജെപിയിലെ തർക്കം, വിമതർ യോഗം ചേരുന്നു
പാലക്കാട് ബിജെപിയിലെ തർക്കം. വിമതനേതാക്കൾ യാക്കരയിൽ യോഗം ചേരുന്നു. ദേശീയ കൌൺസിൽ അംഗം എൻ ശിവരാജൻ,സ്മിതേഷ്,സാബു,നഗരസഭ അധ്യക്ഷ പ്രമീള ശശീധരൻ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
ബ്രൂവറിക്കെതിരായ പ്രതിഷേധത്തിനിടെ പാലക്കാട് ബിജെപിയിൽ തർക്കം രൂക്ഷമായിരുന്നു. ബ്രൂവറിയെ അനുകൂലിച്ച് ബിജെപി ദേശീയ കൗൺസിൽ അംഗം എൻ. ശിവരാജൻ രംഗത്ത് എത്തി. ജലചൂഷണം ഇല്ലാതെ പ്രവർത്തിക്കുന്നതിൽ തെറ്റില്ല എന്നാണ് ശിവരാജൻ്റെ നിലപാട് . പാർട്ടി നിലപാട് പറയേണ്ടത് സംസ്ഥാന അധ്യക്ഷനാണെന്ന് വ്യക്തമാക്കിയ ജില്ലാ നേതൃത്വം ശിവരാജനെ തള്ളി .
ബ്രൂവറിക്കെതിരെ ബിജെപി ഒരോ ദിവസവും ശക്തമായ പ്രതിഷേധങ്ങളാണ് പാലക്കാട് ജില്ലയിൽ സംഘടിപ്പിക്കുന്നത്. മന്ത്രി എം ബി രാജേഷിൻ്റെ വസതിയിലേക്ക് മഹിളാ മോർച്ചയുടെ മാർച്ചിലും മദ്യ കമ്പനി വരാൻ പാടില്ലെന്ന പാർട്ടി നിലപാട് ആവർത്തിച്ചു. ജല ചൂഷണം ഇല്ലാതെ കമ്പനി പ്രവർത്തിക്കുന്നതിൽ തെറ്റില്ലെന്ന് ശിവരാജൻ പറഞ്ഞു .പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവർ വൈകിട്ട് മദ്യപിക്കാൻ പോകുന്നുണ്ടോ എന്ന് പരിശോധിക്കണം എന്നുമായിരുന്നു ശിവരാജൻ്റെ പരിഹാസം
എന്നാൽ ജില്ലാ നേതൃത്വം ശിവരാജനെ തള്ളി . പാർട്ടി നിലപാട് സംസ്ഥാന അധ്യക്ഷൻ പറയും . അണികൾ മൊത്തം നിലപാട് പറയേണ്ടതില്ല എന്നും ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പിനുശേഷം പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി ഉണ്ടായിരുന്നു .