Sunday, April 6, 2025
Latest:
Top NewsWorld

വടിയൂന്നി, മൂടിപ്പുതച്ച് യഹിയ സിന്‍വര്‍; ഹമാസ് നേതാവിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

Spread the love

ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹിയ സിന്‍വറിന്റെ അവസാന നാളുകളിലെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ ജസീറ. യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ഗസ്സ മുനമ്പില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ മൂടിപ്പുതച്ച്, വടിയൂന്നി സിന്‍വര്‍ നടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. മറ്റൊരു ദൃശ്യത്തില്‍ സിന്‍വര്‍ കഴിയുന്ന മുറിയുടെ ഭിത്തിയില്‍ ഹീബ്രു ഭാഷയിലുള്ള എഴുത്തുകള്‍ കാണാം. സിന്‍വര്‍ എത്തുന്നതിന് മുമ്പ് ഇസ്രയേല്‍ പട്ടാളം മേഖലയില്‍ തിരച്ചില്‍ നടത്തിയിരുന്നുവെന്ന് ഇതില്‍ നിന്ന് വ്യക്തം. സഹയാത്രികനൊപ്പം ഭൂപടം നോക്കി എന്തോ ആസൂത്രണം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നതിലുണ്ട്.

2023 ഒക്ടോബര്‍ 7ന് തെക്കന്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു യഹിയ സിന്‍വര്‍. 2024 ഒക്ടോബര്‍ 16ന് റഫയിലെ താല്‍ അല്‍ സുല്‍ത്താനില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍ സിന്‍വര്‍ കുടുങ്ങിപ്പോവുകയായിരുന്നു. മരിച്ചത് യഹിയ സിന്‍വര്‍ ആണെന്ന് ഡിഎന്‍എ പരിശോധനയിലൂടെയാണ് പിന്നീട് സ്ഥിരീകരിച്ചത്.

1987-ല്‍ ഹമാസ് രൂപപ്പെട്ടതുമുതല്‍ യഹിയ സിന്‍വര്‍ അതിന്റെ ഭാഗമായിരുന്നു. 1989-ല്‍ ഇസ്രയേല്‍ സൈന്യം സിന്‍വറിനെ പിടികൂടി. പിന്നീട് ഇരുപത്തിരണ്ട് വര്‍ഷത്തോളം ജയിലിലായിരുന്നു. 2011-ല്‍ കുറ്റവാളി കൈമാറ്റത്തിന്റെ ഇളവിലാണ് മറ്റ് 1026 തടവുകാരോടൊപ്പം സിന്‍വറും ജയില്‍മോചിതനായത്. ടെഹ്‌റാനില്‍വെച്ച് ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടതോടെയാണ് യഹിയ സിന്‍വര്‍ ഹമാസിന്റെ മേധാവിയായത്. ഹനിയ ഖത്തറിലെ ദോഹ കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഗസയില്‍നിന്ന് നേരിട്ടാണ് യഹ്യ സിന്‍വര്‍ ഹമാസിനെ നയിച്ചിരുന്നത്.