മലയാളികൾ സിംഹങ്ങൾ; വികസിത കേരളം ഇല്ലാതെ വികസിത ഭാരതം സാക്ഷാത്കരിക്കാനാവില്ല’; ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
കേരളത്തെയും മുഖ്യമന്ത്രിയെയും പ്രശംസിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകറുടെ റിപ്പബ്ലിക് ദിന സന്ദേശം. കേരളം ഒന്നിനും പിറകിലല്ലെന്ന് ഗവർണർ പറഞ്ഞു. മോദിയുടെ ആശയമാണ് വികസിത് ഭാരതം. വികസിത കേരളം ഇല്ലാതെ വികസിത ഭാരതം സാക്ഷാത്കരിക്കാനാവില്ലെന്ന് ഗവർണർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയുമായി ഇക്കാര്യം കഴിഞ്ഞദിവസം സംസാരിച്ചെന്നും മുഖ്യമന്ത്രിക്ക് അക്കാര്യം ബോധ്യപ്പെട്ടുവെന്നും ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീർഘവീക്ഷണമുണ്ട്. വികസിത കേരളം എന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തിനെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങളും വിയോജിപ്പുകളും ഉണ്ടാകു. അത് സ്വാഭാവികമാണ്. മനുഷ്യരാണ്, ആർട്ടിഫിഷ്യൽ അല്ലയെന്നും ഒരുമിച്ച് സഞ്ചരിക്കേണ്ടവരാണന്നും അദ്ദേഹം പറഞ്ഞു.
ഒട്ടനവധി സൂചകങ്ങളിൽ കേരളം ഒന്നാമതാണ്. തന്റെ സംസ്ഥാനത്തിനാണ് രാജ്യത്തെ ഏറ്റവും വലിയ സാക്ഷരത ഉള്ളത്. കേരളത്തിലെ ജനങ്ങൾ മികച്ചവരാണെന്നും മലയാളികൾ സിംഹങ്ങളാണെന്നും ഗവർണർ പ്രശംസിച്ചു. ഒരുപാട് മുന്നേറി. ഇനിയും മുന്നേറാനുള്ള യാത്രയെക്കുറിച്ച് ഒന്നിച്ച് ആലോചിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. എഴുതി തയ്യാറാക്കിയ പ്രസംഗം ഒഴിവാക്കിയായിരുന്നു ഗവർണറുടെ റിപ്പബ്ലിക് ദിന സന്ദേശം. മുഖ്യമന്ത്രിയുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ട ശേഷമാണ് ഗവർണർ മടങ്ങിയത്.