KeralaTop News

തിയേറ്ററുകളിൽ ചിരിപ്പൂരം സ‍ൃഷ്ടിച്ച ഷാഫി; വിടപറയുന്നത് ബമ്പർ ഹിറ്റുകളുടെ സംവിധായകൻ

Spread the love

ഹാസ്യ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ പുതുവഴി വെട്ടിയ സംവിധായകനായിരുന്നു ഷാഫി. കാൽനൂറ്റാണ്ടോളം നീണ്ട സംവിധാന ജീവിതത്തിൽ ഇരുപതോളം ചിത്രങ്ങൾ. കല്യാണരാമൻ, മായാവി, 2 കൺട്രീസ്, പുലിവാൽ കല്യാണം, ചോക്ലേറ്റ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ. 18 ചിത്രങ്ങൾ സംവിധാനം ചെയ്തു.

നിരവധി സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ച ശേഷമാണ് 2001ൽ വൺമാൻ ഷോയിലൂടെ ഷാഫി സ്വതന്ത്ര സംവിധായകനാകുന്നത്. സഹോദരനായ റാഫിയും മെക്കാർട്ടിനായിരുന്നു ആദ്യ സിനിമയുടെ തിരക്കഥ. 1996-ൽ രാജസേനന്റെ ദില്ലിവാല രാജകുമാരനിൽ സഹ സംവിധായകനായാണ് ഷാഫി സിനിമാ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് റാഫി- മെക്കാർട്ടിൻ ചിത്രങ്ങളിലും അമ്മാവനായ സംവിധായകൻ സിദ്ദിഖിന്റെ സിനിമകളിലും പ്രവർത്തിച്ചു.

വൺമാൻ ഷോയ്ക്കുശേഷം പുറത്തിറങ്ങിയ കല്യാണരാമൻ, പുലിവാൽ കല്യാണം, തൊമ്മനും മക്കളും, മായാവി, ചോക്ലേറ്റ്, ലോലിപോപ്പ്, ചട്ടമ്പിനാട്,ടു കൺട്രീസ് എന്നിവയെല്ലാം തന്നെ ഹിറ്റ് ചാർട്ടുകളിൽ ഇടം തേടി. മമ്മൂട്ടിയെ നായകനാക്കി തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, വെനീസിലെ വ്യാപാരി എന്നീ ചിത്രങ്ങൾ. 2007ൽ പുറത്തിറങ്ങിയ മായാവി മലയാള സിനിമയിലെ തകർപ്പൻ ബോക്‌സോഫീസ് വിജയം നേടി. മമ്മൂട്ടിയുടെ മഹി എന്ന കഥാപാത്രം അതുവരെ മമ്മൂട്ടി കൈകാര്യം ചെയ്ത വേഷങ്ങളിൽ നിന്നും വ്യത്യസ്തമായരുന്നു. സലിം കുമാറിന്റെ കണ്ണൻ സ്രാങ്ക് എന്ന ആശാൻ മികച്ച ഹാസ്യ കഥാപാത്രമായി. മായാവിയിലെ ഗിരി എന്ന കഥാപാത്രം സുരാജ് വെഞ്ഞാറന്മൂടിന് കരിയർബ്രേക്കുമായി.

വിക്രത്തെയും അസിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി തൊമ്മനും മക്കളും തമിഴിലും സംവിധാനം ചെയ്തു. ലോലിപോപ്പ്, 101 വെഡ്ഡിങ്‌സ് തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു. മേക്കപ്പ്മാൻ അടക്കം മൂന്നു സിനിമകൾക്ക് കഥയെഴുതി. ഷെർലക്ക് ടോംസിന്റെ കഥയും തിരക്കഥയും ഷാഫിയായിരുന്നു. സംഗീത സംവിധായകൻ എം എ മജീദിന്റെ മകൾ ഷാമിലയാണ് ഭാര്യ.