പ്രശാന്ത് ശിവനെ പിൻവലിച്ചില്ലെങ്കിൽ രാജി; രണ്ടും കൽപ്പിച്ച് വിമതർ; BJP പാളയത്തിൽ പടയൊരുക്കം
യുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവനെ ബിജെപി ജില്ലാ പ്രസിഡന്റാക്കാനുള്ള നീക്കത്തിനെതിരെ പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. പ്രശാന്ത് ശിവനെ പിൻവലിച്ചില്ലെങ്കിൽ രാജിവയ്ക്കുമെന്ന് വിമത നേതാക്കൾ മുന്നറിയിപ്പ് നൽകി. പാലക്കാട് നഗരസഭാ ചെയർപേഴ്സൺ ഉൾപ്പെടെയുള്ളവരുടെ മുന്നറിയിപ്പ്. ഇടഞ്ഞുനിൽക്കുന്ന കൗൺസിലർമാരുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തി.
ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ,സ്മിതേഷ്,സാബു,നഗരസഭ അധ്യക്ഷ പ്രമീള ശശീധരൻ എന്നിവർയോഗം ചേർന്നിരുന്നു. ഒരാളുടെ പേരിൽ അടിയറവ് വെക്കാൻ തങ്ങൾ തയ്യാറല്ലെന്ന് വിമത നേതാക്കൾ യോഗത്തിന് ശേഷം പ്രതികരിച്ചു. 9 കൗൺസിലർമാർ യോഗത്തിൽ പങ്കെടുത്തു. യാക്കരയിലാണ് വിമത നേതാക്കൾ യോഗം ചേർന്നത്. വിമതർ കോൺഗ്രസിനൊപ്പം ചേർന്നാൽ നഗരസഭ ഭരണം ബിജെപിക്ക് നഷ്ടമാകും.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും കൗൺസിലർമാരുമായി ചർച്ച നടത്തിയിരുന്നു. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ വഴിയാണ് കോൺഗ്രസ് നേതാക്കൾ ഇടഞ്ഞുനിൽക്കുന്ന ബിജെപി നേതാക്കളുമായി ചർച്ച നടത്തിയത്.