കുഞ്ചാക്കോ ബോബനൊപ്പം ചന്ദാമാമയില്‍ തിളങ്ങി; മഹാകുംഭമേളയില്‍ സന്യാസം സ്വീകരിച്ച് നടി മമതാ കുല്‍ക്കര്‍ണി
നടി മമത കുല്‍ക്കര്‍ണി സന്യാസം സ്വീകരിച്ചു. മഹാകുംഭമേളയില്‍ പുണ്യസ്‌നാനം നടത്തിയാണ് 52കാരിയായ മമത സന്യാസം സ്വീകരിച്ചത്. സന്യാസദീക്ഷ സ്വീകരിച്ച മമത കുല്‍ക്കര്‍ണി, യാമൈ മമത നന്ദഗിരി എന്ന പേരും സ്വീകരിച്ചു. ഏറെ കാലമായി സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ് മമത. വിവാഹത്തിന് ശേഷം കെനിയയില്‍ താമസമാക്കിയ മമത 25 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയില്‍ എത്തിയത്.
1996ലാണ് താന്‍ ആത്മീയ പാതയില്‍ ആണെന്നും ഗുരു ഗഗന്‍ ഗിരി മഹാരാജ് തന്നെ ആത്മീയ പാതയിലേക്ക് നയിച്ചെന്നും മമത വെളിപ്പടുത്തി. പേരും പദവിയും പ്രശസ്തിയും നല്‍കിയത് ബോളിവുഡ് ആണെന്നും എന്നാല്‍ ആത്മീയ വിളി എത്തിയതോടെ സിനിമ ഉപേക്ഷിച്ചു. 2000 മുതല്‍ 2012 വരെ താന്‍ കടുത്ത ആചാരനിഷ്ഠകളോടെയാണ് ജീവിച്ചതെന്നും നടി പറഞ്ഞിരുന്നു.
1991ല്‍ സിനിമയിലെത്തിയ മമത കുല്‍ക്കര്‍ണിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ഒന്നിച്ച ‘കരണ്‍ അര്‍ജുന്‍’ ആണ്.1999ല്‍ കുഞ്ചാക്കോ ബോബന്‍ നായകനായ ‘ചന്ദാമാമ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും എത്തി.
2003ല്‍ സിനിമ വിട്ടെങ്കിലും ലഹരിമരുന്ന് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ വിവാദത്തിലായി. 2016ല്‍ താനെയില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ നടിക്കും ഭര്‍ത്താവിനും പങ്കുണ്ടെന്നായിരുന്നു കേസ്. എന്നാല്‍ മമതയ്ക്കും ഭര്‍ത്താവ് വിക്കി ഗോസാമിക്കും എതിരെയുള്ള 2,000 കോടി രൂപയുടെ ലഹരിമരുന്ന് കേസ് ബോംബെ ഹൈക്കോടതി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ റദ്ദാക്കിയിരുന്നു.