KeralaTop News

സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റ ചർച്ച നടക്കുന്നില്ലെന്ന് കെ മുരളീധരൻ; ‘പ്രതിപക്ഷ നേതാവിന് സർവേ നടത്താം’

Spread the love

കോഴിക്കോട്: സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റ ചർച്ചകൾ തള്ളി കെ മുരളീധരൻ. നേതൃമാറ്റം സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും അതേക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ട് പോലുമില്ലെന്നും അദ്ദേഹം പറ‌ഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചും പാർട്ടിയിൽ ചർച്ചയില്ലെന്നും എന്നാൽ ഡിസിസി ഭാരവാഹി തലത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കെ സുധാകരനെ മാറ്റണമെന്ന ആവശ്യം ഹൈക്കമാൻ്റിനോട് ഞങ്ങളാരും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. കെ സുധാകരന് ഒരു ആരോഗ്യ പ്രശ്നവുമില്ല. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് സർവേ നടത്തുന്നതിൽ തെറ്റില്ല. പാർട്ടി വേദിയിൽ ഇക്കാര്യം അദ്ദേഹം പറഞ്ഞിട്ടുണ്ട്. പക്ഷെ തീരുമാനം എടുക്കുന്നത് ഹൈക്കമാൻഡാണ്. സംസ്ഥാനത്ത് കോൺഗ്രസിന് മിനിമം 60 സീറ്റുകളെങ്കിലും ലഭിക്കണം. പാർട്ടിക്ക് കൂടുതൽ നിയമസഭാ സീറ്റ് നേടാൻ എഐസിസി തലത്തിൽ ചർച്ച നടക്കുന്നുണ്ട്. താൻ സർവേ നടത്താൻ പോകുന്നുവെന്ന് പാർട്ടിയിൽ പറയേണ്ടതില്ല. സർവേ പ്രതിപക്ഷ നേതാവിനും കെ സുധാകരനും നടത്താം. എന്നാൽ സർവേ നടത്തിയ കാര്യം പാർട്ടിയിൽ പറയണം. അത് പ്രതിപക്ഷ നേതാവ് ചെയ്തിട്ടുണ്ട്. പാ‍ർട്ടിയിൽ മുഖത്ത് നോക്കി നേതാക്കളെ വിമർശിക്കാൻ ഒരു വിലക്കുമില്ലെന്നും അദ്ദേഹം പറ‌ഞ്ഞു.