നാല് വനിതാ സൈനികരെക്കൂടി വിട്ടയയ്ക്കാന്‍ ഹമാസ്; പേരുവിവരങ്ങള്‍ പുറത്തുവിട്ടു
ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് സ്വതന്ത്രരാക്കുന്ന നാല് ബന്ദികളുടെ കൂടി പേരുവിവരങ്ങള്‍ പുറത്ത്. ഉടനടി സ്വതന്ത്രരാക്കുന്ന നാല് വനിതകളുടെ പേരുവിവരങ്ങളാണ് ഹമാസ് പുറത്തുവിട്ടത്. ഇസ്രയേല്‍ പ്രതിരോധ സേനാംഗങ്ങളായ കരീന അരിയേവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി, ലിറി അല്‍ബാഗ് എന്നിവരെയാണ് വിട്ടയയ്ക്കുക. ശനിയാഴ്ച ഇവരെ വിട്ടയയ്ക്കുമെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. വാര്‍ത്തയോട് ഇസ്രയേല്‍ ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം ആറഴ്ചയാണ് നീണ്ടുനില്‍ക്കുക. ഒക്ടോബര്‍ ഏഴ് ആക്രമണം മുതല്‍ ഹമാസ് ബന്ദികളാക്കിയ 251 പേരില്‍ 33 പേരെയാണ് ആദ്യഘട്ടത്തില്‍ വിട്ടയയ്ക്കുക. ഇതിന് പകരമായി ഇസ്രയേല്‍ അറസ്റ്റ് ചെയ്ത നൂറുകണക്കിന് പലസ്തീന്‍ പൗരന്മാരേയും വിട്ടയയ്ക്കും. മുന്‍പ് നാലുബന്ദികളെ ഹമാസ് സ്വതന്ത്രരാക്കിയിരുന്നു. ഹമാസ് മോചിപ്പിച്ച ബന്ദികളായ ഓരോ സ്ത്രീകള്‍ക്കും പകരമായി 50 പലസ്തീനികളെ ഇസ്രായേല്‍ മോചിപ്പിക്കും.
യുഎസിന്റെ നേതൃത്വത്തിലും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലും ദോഹയില്‍ മാസങ്ങളായി നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് 15 മാസം നീണ്ട യുദ്ധത്തിന് ശേഷം ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നത്. ഗസ്സയിലെ ജനവാസമേഖലകളില്‍നിന്നു ഇസ്രയേല്‍ സൈന്യം പിന്മാറിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം തീരും മുന്‍പ് തന്നെ രണ്ടാം ഘട്ടത്തിനുള്ള ചര്‍ച്ച ആരംഭിക്കും.