അമുൽ പാലിന്റെ വില കുറച്ചു ;ലിറ്ററിന് ഒരു രൂപയാണ് കുറഞ്ഞത്
വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസവുമായി അമുൽ. രാജ്യത്താകമാനം അമുൽ പാലുകൾക്ക് ലിറ്ററിന് ഒരു രൂപയാണ് കുറച്ചത്.1973-ൽ രൂപീകരിച്ച ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനാണ് (ജിസിഎംഎംഎഫ്) അമുൽ എന്ന ബ്രാൻഡിൽ പാലുൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത്. ഒരു ലിറ്റർ പാക്കുകളുടെ വിലയിൽ ഒരു രൂപ കുറച്ചതായി കമ്പനി എംഡി ജയൻ മേത്തയാണ് അറിയിച്ചത്. ജനുവരി 24 ന് നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. പുതിയ നിരക്ക് രാജ്യത്തുടനീളം ബാധകമാണ്.
ഈ നീക്കം കുടുംബങ്ങൾക്കും, സംരംഭകർക്കും ഒരുപോലെ ഗുണം ചെയ്യുമെന്നാണ് കമ്പനി പറയുന്നത്. അമുൽ ഗോൾഡ്, അമുൽ താസ, അമുൽ ടി-സ്പെഷ്യൽ, അമുൽ ചായ് മസ്സ എന്നിവയുടെ ഒരു ലിറ്റർ പാക്കറ്റുകൾക്കാണ് വില കുറഞ്ഞത്. അമൂൽ ഗോൾഡ് മിൽക്കിന് 66 രൂപയിൽനിന്ന് 65 ആയി കുറഞ്ഞു. അമുൽ ടാസയ്ക്ക് 53 രൂപയും , അമുൽ ടീ സ്പെഷ്യലിന് 61 രൂപയും ,അമുൽ ചായ മാസയ്ക്ക് 53
രൂപയുമാണ് പുതിയ നിരക്ക്.
2023-24 സാമ്പത്തിക വർഷം അമുലിന്റെ വിറ്റുവരവ് എട്ട് ശതമാനം വർധിച്ച് 59,445 കോടി രൂപയായി ഉയർന്നിരുന്നു. ഈ സാമ്പത്തിക വർഷം വിറ്റുവരവ് ഉയർത്താനാണ് ഗുജറാത്ത് കോർപറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ്റെ ശ്രമം. കഴിഞ്ഞ സാമ്പത്തിക വർഷം പ്രതിദിനം ശരാശരി 310 ലക്ഷം പാൽ ആണ് അമുൽ സംഭരിച്ചത്. ഗുജറാത്തിലെ 18,600 ഗ്രാമങ്ങളിലുള്ള 36 ലക്ഷം കർഷകരിൽ നിന്നും 10 മെമ്പർ യൂണിയനുകളിൽ നിന്നും പ്രതിദിനം 300 ലക്ഷം ലിറ്റർ പാലാണ് അമുൽ സംഭരിക്കുന്നത്. ഇൻ്റർനാഷണൽ ഫാം കംപാരിസൻ നെറ്റ്‍വർക്കിൻ്റെ കണക്ക് പ്രകാരം, ലോകത്തെ 20 ക്ഷീര കമ്പനികളിൽ എട്ടാം സ്ഥാനത്താണ് അമുൽ .