ഒരുമയുടെ സന്ദേശവുമായി റിപ്പബ്ലിക് ദിന ഷോര്‍ട് ഫിലിം
രാജ്യം 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ഭരണഘടന വ്യവസ്ഥ ചെയ്യുന്ന മൗലികാവകാശങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ആവശ്യകത മുന്നോട്ടു വക്കുന്ന ഹ്രസ്വചിത്രം ‘ആം ഐ നോട്ട് ആന്‍ ഇന്ത്യന്‍?’ (AM I NOT AN INDIAN?) യൂട്യൂബിൽ റിലീസ് ചെയ്തു. സമീര്‍ ബാഗേലയാണ് ഹ്രസ്വചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. നിറത്തിന്റെയും തൊഴിലിന്റെയും ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയുമൊക്കെ പേരിലുള്ള വിവേചനങ്ങളെ മറികടക്കണം എന്ന് രണ്ട് മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം തുറന്നുകാട്ടുന്നു.
“നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ, നമ്മുടെ രാജ്യത്തെ ശക്തമാക്കുന്നത് എന്താണെന്ന് ചിന്തിക്കേണ്ടതുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അത് നമ്മുടെ വൈവിധ്യമാണ് – നമ്മുടെ വ്യത്യസ്ത സംസ്കാരങ്ങൾ, ഭാഷകൾ, പശ്ചാത്തലങ്ങൾ. എന്നാൽ ഇത്രയൊക്കെ വൈവിധ്യങ്ങൾ ഉണ്ടെങ്കിലും ഇപ്പോഴും നമ്മുടെ സമൂഹത്തിൽ പലരും ഒറ്റപ്പെടുന്നു. എന്തുകൊണ്ടാണ് നമ്മൾ ഈ സമൂഹത്തിൽ ഒറ്റക്കെട്ടായി നിൽക്കേണ്ടതെന്നും പരസ്പരം വ്യത്യാസങ്ങൾ ഉൾക്കൊള്ളേണ്ടതെന്നും ഓർമ്മിപ്പിക്കാനാണ് ഞാൻ ഈ ഹ്രസ്വചിത്രം ചെയ്തിരിക്കുന്നത്,” സംവിധായകൻ സമീര്‍ ബാഗേല പറഞ്ഞു.
വെറുപ്പ് ശത്രുക്കളെ സൃഷ്ടിക്കുന്നു; സ്‌നേഹംകൊണ്ട് ഇന്ത്യയെ കെട്ടിപ്പടുക്കാമെന്ന ആശയം പങ്കുവെച്ചാണ് ഷോര്‍ട്ട് ഫിലിം അവസാനിക്കുന്നത്. സമീര്‍ ബാഗേല ഫിലിംസ് നിര്‍മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം സുദേവ് ആണ്. ചിത്രത്തിൽ വേഷമിട്ടിരിക്കുന്നവർ, ഗോപാൽ, പ്രണവ് പുഷ്പൻ, തോമസ് ശാമുവൽ, തിലക് ഭാരതി, വേണു ജനാർദൻ, യാസർ അറാഫാത്ത്.