KeralaTop News

കെ സുധാകരനുമായി നല്ല ബന്ധമെന്ന് വിഡി സതീശൻ; വന്യജീവി പ്രശ്നത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം

Spread the love

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ താനും കെ സുധാകരനുമായി യാതൊരു അഭിപ്രായ ഭിന്നതയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇന്നലെയും ഫോണിൽ സംസാരിച്ചപ്പോൾ ഞങ്ങൾ ഇക്കാര്യം പറഞ്ഞ് ചിരിച്ചു. സിപിഎം പോലെ നേതാക്കളെ വിമർശിക്കാൻ പറ്റാത്ത പാർട്ടിയല്ല കോൺഗ്രസ്. എനിക്കെതിരെ വിമർശനമുണ്ടായാൽ താനതിന് മറുപടി പറയുമെന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ അനാവശ്യമായി ചർച്ച ചെയ്യപ്പെടുമ്പോൾ വേറെ ചില അജണ്ടകളാണ് നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

വന്യമൃഗ ശല്യമുൾപ്പെടെ മലയോര കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന മലയോര പ്രചാരണ യാത്ര തുടങ്ങാൻ കണ്ണൂരിലെത്തിയ വിഡി സതീശൻ, ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു. കരുവഞ്ചാലിൽ വൈകീട്ട് കെസി വേണുഗോപാൽ എംപി യാത്ര ഉദ്ഘാടനം ചെയ്യും. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ അധ്യക്ഷനാകും. യുഡിഎഫ് ഘടക കക്ഷി നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.

സംസ്ഥാനത്ത് ഏഴ് വർഷത്തിനിടെ 60000 വന്യജീവി ആക്രമണം നടന്നെന്നും ആയിരത്തിലേറെ പേർ മരിച്ചെന്നും പ്രതിപക്ഷ നേതാവ് ഏഷ്യാനെറ്റ് ന്യൂസിൻ്റെ നമസ്തേ കേരളം പരിപാടിയിൽ പങ്കെടുത്ത് പറഞ്ഞു. 5000ത്തിലധികം കന്നുകാലികളെ കൊന്നു. 8000ത്തിലേറെ പേർക്ക് പരുക്കേറ്റു. മലയോര മേഖലയിൽ ജനങ്ങൾക്ക് ജീവിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. വന്യജീവി ആക്രമണങ്ങളെ തുട‍ർന്ന് മലയോര മേഖലയിൽ കൃഷി ചെയ്യാനാവാത്ത സ്ഥിതിയാണ്. കാട്ടുമൃഗങ്ങളെ കാട്ടിലേക്ക് തിരിച്ചോടിക്കാനുള്ള ആധുനിക സംവിധാനങ്ങൾ കേരളത്തിലില്ല. പാവപ്പെട്ട മനുഷ്യരെ വിധിക്ക് വിട്ടുകൊടുക്കുകയാണ് സംസ്ഥാനം ചെയ്യുന്നത്. പന്നികളെ വെടിവെച്ച് കൊല്ലുന്നില്ല. കടുവകൾക്ക് കാട്ടിൽ ആവശ്യത്തിന് സ്ഥലമില്ല. ജനത്തിൻ്റെ ജീവനും സ്വത്തും സംരക്ഷിക്കാൻ സർക്കാരിന് സാധിക്കുന്നില്ല. വനം സംരക്ഷിക്കണം. കേരളത്തിലെ ജനസാന്ദ്രത കൂടുതലാണ്. അത് പരിഗണിക്കാതെ കട്ടപ്പന ടൗൺ വരെ ബഫർ സോണാക്കുകയാണ് ചെയ്യുന്നത്. കൃഷിയിൽ നിന്ന് ആളുകൾ പിന്മാറുന്നു. മലയോര മേഖലയിലെ തത്പര കക്ഷികളുമായി സംസാരിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണും. വന്യജീവി പ്രശ്നം പരിഹരിക്കാനുള്ള വഴികൾ ഞങ്ങളുടെ കൈയ്യിലുണ്ട്. ആ പ്രതീക്ഷ ജനങ്ങൾക്ക് നൽകുകയും അത് പാലിക്കുകയും ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.