പത്ത് വര്‍ഷത്തിനിടയില്‍ കടുവ കൊന്നത് 8 പേരെ; ഭീതി അവസാനിക്കാതെ വയനാടന്‍ ജനത
വയനാട്ടില്‍ പത്ത് വര്‍ഷത്തിനിടയില്‍ കടുവ കൊന്നത് 8 പേരെ. 2015ല്‍ രണ്ട് പേരെയാണ് ജില്ലയില്‍ കടുവ കൊന്നത്. മുത്തങ്ങയില്‍ ഭാസ്‌കരനും കുറിച്യാട് ബാബുരാജും കൊല്ലപ്പെട്ടു. 2017ല്‍ തോല്‍പ്പെട്ടിയില്‍ കടുവ കൊന്നത് ബസവന്‍ എന്നയാളെയാണ്. 2019ല്‍ കടുവ ജീവനെടുത്തത് കുറിച്യാട് തന്നെയുള്ള ജഡയന്‍ എന്നയാളുടേത്. 2020ല്‍ ചെതലത് ശിവകുമാര്‍, 2023ല്‍ പുതുശേരിയില്‍ സാലു, 2023ല്‍ തന്നെ വാകേരിയില്‍ പ്രജീഷ് എന്നിവരെ കടുവ കൊന്നു. ഒടുവില്‍ 2025ല്‍ പാഞ്ചാരക്കൊല്ലിയില്‍ രാധയേയും. 2008 മുതല്‍ ഇങ്ങോട്ട് പല തരത്തിലുള്ള വന്യ ജീവി ആക്രമണങ്ങളില്‍ 1000ല്‍ അധികം പേര്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടിട്ടുണ്ട്.
ഇന്ന് രാവിലെയാണ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീയായ രാധ കൊല്ലപ്പെട്ടത്. ജോലിക്കായി പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. തോട്ടത്തില്‍ കാപ്പി പറിക്കാന്‍ എത്തിയപ്പോഴായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ രാധ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. കടുവ ആക്രമിച്ച് വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. വയനാട് വൈല്‍ഡ് ലൈഫിന്റെ ഭാഗമായുള്ള പ്രദേശത്താണ് സംഭവം നടന്നത്.
പ്രിയദര്‍ശനി എസ്റ്റേറ്റിന് മുന്നില്‍ നാട്ടുകാരുടെ വന്‍പ്രതിഷേധമാണ് നടന്നത്. കടുവയെ വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. മന്ത്രി ഒആര്‍ കേളുവിനെ നാട്ടുകാര്‍ വളയുന്ന സാഹചര്യവുമുണ്ടായി. യോഗ ശേഷം തീരുമാനം വിശദീകരിക്കവേയും പലപ്പോഴും മന്ത്രിയുടെ സംസാരം ജനം തടസപ്പെടുത്തി.