പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണം: നാളെ മാനന്തവാടിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് എസ്ഡിപിഐ
വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണത്തില്‍ ആദിവാസി യുവചി രാധ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ നാളെ മാനന്തവാടി നഗരസഭയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് എസ്ഡിപിഐ. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താലെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാന്‍ അറിയിച്ചു. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കും.
പഞ്ചാര കൊല്ലിയില്‍ നരഭോജിയായ കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ബിഎന്‍എസ്എസ് 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഇന്ന് രാവിലെയാണ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീയായ രാധ കൊല്ലപ്പെട്ടത്. ജോലിക്കായി പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. തോട്ടത്തില്‍ കാപ്പി പറിക്കാന്‍ എത്തിയപ്പോഴായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ രാധ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. കടുവ ആക്രമിച്ച് വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. വയനാട് വൈല്‍ഡ് ലൈഫിന്റെ ഭാഗമായുള്ള പ്രദേശത്താണ് സംഭവം നടന്നത്.