കടുവയെ വെടിവച്ച് കൊല്ലണം, ഓരോ മനുഷ്യന്റെ ജീവനും വിലയുണ്ട്, മന്ത്രി മന്ദിരത്തിലിരിക്കുന്നവര്‍ക്ക് അറിയില്ല’; പഞ്ചാരക്കൊല്ലിയില്‍ അണപൊട്ടിയ ജനരോക്ഷം
മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാന്‍ പോയ രാധയെന്ന 45കാരിയെ കടുവ കടിച്ച് കൊന്ന സംഭവത്തില്‍ അണപൊട്ടി ജനരോക്ഷം. വൈകാരികമായാണ് വിഷയത്തില്‍ പ്രദേശവാസികളുടനീളം പ്രതികരിച്ചത്. കടുവയെ വെടിവച്ച് കൊല്ലണം, ഓരോ മനുഷ്യന്റെ ജീവനും വിലയുണ്ട്, മന്ത്രി മന്തിരത്തിലിരിക്കുന്നവര്‍ക്കറിയില്ല, രാവിലെ ആറ് മണിക്കും ഏഴ് മണിക്കും എണീറ്റ് പണിക്ക് പോകുന്നവരാണ് തങ്ങളെന്ന് പ്രദേശവാസിയായ സ്ത്രീ പ്രതികരിച്ചു.
മാസങ്ങളോളമായി ഇവിടെ വന്യമൃഗ ശല്യമുണ്ട്. വളരെ പ്രയാസപ്പെട്ടാണ് പ്രദേശത്ത് ജനങ്ങള്‍ ജീവിക്കുന്നത്. മിനിഞ്ഞാന്ന് വരെ കൗണ്‍സിലറെയും കൂട്ടി ഡിഎഫ്ഒ ഓഫീസില്‍ പോയതാണ്. കാട്ടുപോത്ത്, പന്നി, കുരങ്ങന്‍ എന്നിവയുടെ എല്ലാം ശല്യമുണ്ട്. ഇതിലൊന്നും അവര്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. ജനങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് യാതൊരു താല്‍പര്യവുമില്ല – മറ്റൊരു നാട്ടുകാരന്‍ പറഞ്ഞു.
ഞങ്ങള്‍ ആദിവാസികളാണ്. ഒരു വിധം വന്യ മൃഗങ്ങളോടൊക്കെ സമരസപ്പെട്ട് ജീവിക്കുന്നവരാണ്. അങ്ങനെയുള്ള ഞങ്ങള്‍ക്ക് പോലും ഇങ്ങനെയൊരു ദുര്‍ഗതി വന്നിട്ടുണ്ടെങ്കില്‍ എന്തായിരിക്കും അവസ്ഥ മറ്റൊരു നാട്ടുകാരന്‍ ചോദിക്കുന്നു.രാധയുടെ മൃതദേഹം കണ്ടെത്തിയ ഭാഗത്ത് തന്നെ കടുവയുടെ സാന്നിധ്യം ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും മറ്റും മേഖല കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നുണ്ട്. പ്രിയദര്‍ശനി എസ്റ്റേറ്റിന് മുന്നില്‍ നാട്ടുകാരുടെ വന്‍പ്രതിഷേധമാണ് നടന്നത്. കടുവയെ വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. മന്ത്രി ഒആര്‍ കേളുവിനെ നാട്ടുകാര്‍ വളയുന്ന സാഹചര്യവുമുണ്ടായി. യോഗ ശേഷം തീരുമാനം വിശദീകരിക്കവേയും പലപ്പോഴും മന്ത്രിയുടെ സംസാരം ജനം തടസപ്പെടുത്തി.