KeralaTop News

ആരോഗ്യസ്ഥിതി അതീവ ഗുരുതരം; മസ്തകത്തിൽ മുറിവേറ്റ കാട്ടാനയുടെ ചികിത്സയ്ക്കായുള്ള ദൗത്യം ഇന്നും തുടരും

Spread the love

തൃശൂർ അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയുടെ ചികിത്സയ്ക്കായുള്ള ദൗത്യം ഇന്നും തുടരും. വനത്തിലേക്ക് പോയ കാട്ടാനയെ കണ്ടെത്താൻ കഴിയാത്തത് ആശങ്കക്കിടയാക്കുന്നുണ്ട്. ആനയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരം എന്നിരിക്കെ കണ്ടെത്താൻ വൈകുന്നത് ആശങ്കയാണ്.

ആനയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച ആശങ്കകൾക്കിടയിലാണ് രണ്ടുദിവസമായി ആന കാണാമറയത്ത് തുടരുന്നത്. ആനയ്ക്കായി കാലടി പ്ലാന്റേഷനിലെ ഒന്നാം ബ്ലോക്ക്, മൂന്നാം ബ്ലോക്ക്, പതിനേഴാം ബ്ലോക്ക്, തടിമുറി, വാടാമുറി, ഫാക്ടറി ഡിവിഷൻ, കശുമാവിൻ തോട്ടം, എലിച്ചാണി, പറയൻപാറ എന്നിവിടങ്ങളിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് ഇന്നലെയും തിരച്ചിൽ നടത്തി.

ഡ്രോൺ ഉൾപ്പടെ ഉപയോഗപ്പെടുത്തിയായിരുന്നു ഉൾവനത്തിലും സമീപ മേഖലയിലും ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘത്തിന്റെ തിരച്ചിൽ. എന്നാൽ ആനയെ കണ്ടെത്താൻ വൈകുന്നത് ആനയുടെ ജീവന് തന്നെ ഭീഷണിയാകുമെന്നാണ് ആശങ്ക. ഇന്ന് വാഴച്ചാൽ ഡിവിഷന് പുറമേ, മലയാറ്റൂർ, ചാലക്കുടി ഡിവിഷനുകളിലും ആനയ്ക്കായുള്ള പരിശോധന ശക്തമാക്കും.

ആനയെ കണ്ടെത്തിയാൽ ഉടൻ തന്നെ മയക്കുവെടി വച്ച് ചികിത്സിക്കാനാണ് വനം വകുപ്പ് തീരുമാനം. ചാലക്കുടിപ്പുഴയിലെ തുരുത്തിൽ നിന്ന് മാറ്റുന്നതിനായി പടക്കം പൊട്ടിച്ചതോടെയാണ് ആന ബുധനാഴ്ച വനത്തിലേക്ക് കയറിയത്.