NationalTop News

ഈ ഷോയ്‌ക്കൊന്നും മറുപടിയില്ല, ഇന്നലെ പാര്‍ട്ടിയുണ്ടാക്കിയവര്‍ നാളെ മുഖ്യമന്ത്രിയാകാമെന്നാണ് കരുതുന്നത്’; വിജയ്‌യെ പരിഹസിച്ച് സ്റ്റാലിന്‍

Spread the love

തമിഴക വെട്രി കഴകത്തേയും നടന്‍ വിജയേയും പരിഹസിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇന്നലെ രൂപീകരിച്ച പാര്‍ട്ടിയുടെ നേതാവ് നാളെ മുഖ്യമന്ത്രിയാകും എന്ന് പറയുന്നുവെന്നാണ് പരിഹാസം. ഇത്തരം ഷോ നടത്തുന്നവര്‍ക്ക് മറുപടി പറഞ്ഞ് സമയം കളയുന്നില്ല എന്ന് സ്റ്റാലിന്‍ പറഞ്ഞു. പുതിയ പാര്‍ട്ടിയുടെ ലക്ഷ്യം ജനസേവനമല്ല മറിച്ച് അധികാരം പിടിക്കലാണ്. ഡിഎംകെ ഇന്നലെ മുളച്ച കൂണ്‍ അല്ല എന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. വിജയ്‌യെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനങ്ങള്‍.

‘ഞങ്ങള്‍ ഈ പാര്‍ട്ടി രൂപീകരിച്ചത് 1949ലാണ്. 1957ലാണ് ഞങ്ങള്‍ ഒരു തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ ഇപ്പോള്‍ ചിലര്‍ പാര്‍ട്ടി രൂപീകരിച്ചയുടന്‍ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ് നടക്കുന്നു’. വിജയ്‌യെ ഉന്നംവച്ചുള്ള സ്റ്റാലിന്റെ വാക്കുകള്‍ ഇങ്ങനെ. താന്‍ പാര്‍ട്ടിയുടേയോ നേതാവിന്റേയോ പേര് പറയാത്തത് അവര്‍ക്ക് ഒരു മേല്‍വിലാസം നല്‍കാന്‍ താന്‍ ആഗ്രഹിക്കാത്തതുകൊണ്ടാണെന്നും ഈ ഡയസിന്റെ വില കളയേണ്ടെന്ന് കരുതിയിട്ടാണെന്നും കൂടി സൂചിപ്പിച്ച് രൂക്ഷമായ ഭാഷയിലാണ് സ്റ്റാലിന്‍ ആഞ്ഞടിച്ചത്.

മറ്റ് പാര്‍ട്ടികള്‍ വിട്ട് ഡിഎംകെയില്‍ ചേര്‍ന്ന പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് വെള്ളിയാഴ്ച അണ്ണാ അറിവാലയത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍. ഡിഎംകെയുടെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ചുകൊണ്ടാണ് കൂടുതല്‍ പേര്‍ പാര്‍ട്ടിയിലെത്തുന്നതെന്നും ദ്രാവിഡ പ്രത്യയശാസ്ത്രത്തിനെതിരെ നിരവധി ആക്രമണങ്ങളാണ് നിരവധി കോണുകളില്‍ നിന്ന് നടക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. ഗവര്‍ണര്‍ ഉള്‍പ്പെടെ അതിനാണ് ശ്രമിക്കുന്നത്. ഗവര്‍ണറെ മാറ്റരുതെന്നും ഇതേ ഗവര്‍ണര്‍ തുടരണമെന്നുമാണ് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കാനുള്ളത്. ഗവര്‍ണര്‍ നിരന്തരം സംസാരിച്ചുകൊണ്ടിരുന്നാല്‍ മാത്രമേ അവരുടെ ലക്ഷ്യങ്ങള്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ മനസിലാക്കൂ. അപ്പോഴേ തങ്ങള്‍ പറയുന്ന പ്രത്യയശാസ്ത്രത്തിന്റെ പ്രസക്തി ജനം തിരിച്ചറിയൂ എന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights : M K stalin slams actor vijay