KeralaTop News

സർവകലാശാല നിയമഭേദഗതിക്ക് സർക്കാർ; സിൻഡിക്കേറ്റ് രൂപീകരണം തിരഞ്ഞെടുപ്പിലൂടെ മാത്രം; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

Spread the love

സർവകലാശാല നിയമഭേദഗതിക്ക് സർക്കാർ. കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. സിൻഡിക്കേറ്റ് രൂപീകരണം തിരഞ്ഞെടുപ്പിലൂടെ മാത്രമാക്കി. നോമിനേഷൻ ഗവൺമെന്റ് പ്രതിനിധികൾക്കായി ചുരുക്കി. സിൻഡിക്കേറ്റുകളുടെ അംഗബലം പരിമിതപ്പെടുത്തും. വിദേശത്ത് സർവകലാശാലകളുടെ ഉപകേന്ദ്രം തുടങ്ങാനുള്ള വിവാദ നിർദേശം ഒഴിവാക്കി.

നാല് വർഷ ബിരുദവും പുതിയ കോഴ്സുകളും സമ്പ്രദായങ്ങളും വന്നതോടെ സർവകലാശാലകളെ ഘടനാപരമായി മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് യൂണിവേഴ്സിറ്റി നിയമ ഭേദഗതി കൊണ്ടുവരുന്നത്. സ്വയംഭരണ സ്ഥാപനങ്ങളായ സർവകലാശാലകളിലെ പരമാധികാര സഭയായ സിൻഡിക്കേറ്റിന്റെ ഘടനയിലും അതിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന രീതിയിലും വരുത്തുന്ന വ്യവസ്ഥകളാണ് മന്ത്രിസഭ അംഗീകാരം നൽകിയെ ബില്ലിനെ ശ്രദ്ധേയമാക്കുന്നത്.

സർവകലാശാല സിൻഡിക്കേറ്റുകളിലേക്ക് അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്നത് നിർത്തി തിരഞ്ഞെടുപ്പിലൂടെ നിയമിക്കണമെന്നതാണ് ബില്ലിലെ വ്യവസ്ഥ.സർക്കാർ പ്രതിനിധികളെ മാത്രമേ നാമനിർദ്ദേശം ചെയ്യാൻ അനുവദിക്കു. സിൻഡിക്കേറ്റുകളുടെ അംഗബലം നിജപ്പെടുത്തുന്ന വ്യവസ്ഥയും ബില്ലിലുണ്ട്. വലിയ സർവകലാശാലാ സിൻഡിക്കേറ്റിലെ അംഗങ്ങളുടെ എണ്ണം 19 ആയും ചെറിയ സർവകലാശാലകളിലെ സിൻഡിക്കേറ്റിന്റെ അംഗബലം 15 ആയും നിജപ്പെടുത്താനാണ് ബില്ലിലെ വ്യവസ്ഥ.

വിദേശത്ത് സംസ്ഥാനത്തെ സർവകലാശാലകളുടെ ഉപകേന്ദ്രങ്ങൾ സ്ഥാപിക്കാനും കരട് ബില്ലിൽ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ മന്ത്രിസഭാ യോഗത്തിൽ ചർച്ചക്ക് വന്നപ്പോൾ മുഖ്യമന്ത്രി തന്നെ അതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു ഇതോടെ വിദേശത്ത് സർവകലാശാലകളുടെ ഉപകേന്ദ്രങ്ങൾ സ്ഥാപിക്കാൻ അനുമതി നൽകുന്ന വ്യവസ്ഥ ഒഴിവാക്കി. സിൻഡിക്കേറ്റിലേക്കുളള നാമനിർദേശത്തിന് തടയിടുന്നത് സംസ്ഥാനത്തെ സമീപകാല സംഭവങ്ങളുടെ കൂടി പശ്ചാത്തലത്തിൽ ആണെന്നാണ് സൂചന.