KeralaTop News

കോൺഗ്രസ് നേതൃമാറ്റ ചർച്ചകൾ അന്തിമഘട്ടത്തിൽ; പരിഗണനയിൽ പ്രമുഖർ, ഗ്രൂപ്പുകളുടെ പിന്തുണ മുഖ്യം

Spread the love

തിരുവനന്തപുരം : സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റത്തിലെ ചർച്ചകൾ അന്തിമഘട്ടത്തിൽ. നേതാക്കൾ നിർദ്ദേശിച്ച പേരുകളിൽ ഇനിയും ഹൈക്കമാൻഡ് കൂടിയാലോചന തുടരും. കെ.സുധാകരനെ കൂടി വിശ്വാസത്തിലെടുത്ത് പകരക്കാരനെ സമവായത്തിലൂടെ തീരുമാനിക്കുകയാണ് എഐസിസിക്ക് മുന്നിലെ വെല്ലുവിളി.

കെ.സി വേണുഗോപാൽ ഇടപെട്ട് കെപിസിസി അധ്യക്ഷനെ മാറ്റുന്നുവെന്ന പ്രചാരണം ഒഴിവാക്കാനാണ് ദീപാ ദാസ് മുൻഷി നേതാക്കളുമായി ചർച്ചകൾ നടത്തിയത്. ബെന്നി ബെഹനാൻ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ആൻറോ ആൻറണി, സണ്ണി ജോസഫ്, റോജി എം ജോൺ എന്നീ പേരുകളാണ് പകരം കൂടുതലായും ഉയർന്നത്. സാമുദായിക മാനദണ്ഡങ്ങളും വിവിധ ഗ്രൂപ്പുകളുടെ പിന്തുണയും പരിഗണിച്ചാകും അന്തിമ തീരുമാനം.

മാറ്റത്തിനുള്ള നീക്കം തുടങ്ങിയെന്ന് സുധാകരനും മനസിലാക്കുന്നുണ്ട്. പദവികൾ പ്രശ്നമല്ലെന്ന കഴിഞ്ഞ ദിവസത്തെ പ്രതികരണത്തിൻറെ സന്ദേശമതാണ്. പക്ഷെ സുധാകരനോട് നേരിട്ട് ഒരു നേതാവും ആവശ്യം ഉന്നയിച്ചിട്ടില്ല. സുധാകരനെ കൂടി ബോധ്യപ്പെടുത്തിയൊരു തീരുമാനമെടുക്കലാണ് എഐസിസി നേരിടുന്ന പ്രധാന വെല്ലുവിളി. മാറ്റമുണ്ടെങ്കിൽ ഏറ്റവും അനുകൂല സമയമിതെന്നാണ് മാറ്റത്തിനാഗ്രഹിക്കുന്നവരുടെ വാദം. പുതിയ പ്രസിഡണ്ടിന് കീഴിൽ തെരഞ്ഞെടുപ്പുകളിലേക്ക് കടക്കാമെന്നാണ് നിലപാട്. അധ്യക്ഷനൊപ്പം സാമുദായിക സമവാക്യം പാലിച്ച് വർക്കിംഗ് പ്രസിഡണ്ടുമാരിലും മാറ്റത്തിനും സാധ്യതയുണ്ട്. ഇന്ദിരാഭവൻ കേന്ദ്രീകരിച്ച് ഒരു കോർ ടീമും പരിഗണനയിലാണ്.