NationalTop News

വഖഫ് സംയുക്ത പാര്‍ലമെന്ററി സമിതി യോഗത്തില്‍ കയ്യാങ്കളി; പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു

Spread the love

വഖഫ് സംയുക്ത പാര്‍ലമെന്ററി സമിതി യോഗത്തില്‍ കയ്യാങ്കളി. പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത് ജെപിസി ചെയര്‍മാന്‍ ജഗതാംബിക പാല്‍. എംപിമാര്‍ മോശം പദപ്രയോഗം നടത്തിയെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

വഖഫ് നിയമ ഭേദഗതിയില്‍ അവസാന ഹിയറിങ്ങിനായി ചേര്‍ന്ന സംയുക്ത പാര്‍ലമെന്ററി സമിതി യോഗത്തിലായിരുന്നു കയ്യാങ്കളി. ഓള്‍ പാര്‍ട്ടിസ് ഹൂറിയത്ത് കോണ്‍ഫ്രന്‍സ് ചെയര്‍മാന്‍ മിര്‍വൈസ് ഉമര്‍ ഫാറൂഖിന്റെ അഭിപ്രായം സമിതി രേഖപ്പെടുത്തി. 24, 25 തീയതികളിലായി നിശ്ചയിച്ചിരുന്ന യോഗം 27 തീയതിയിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട് ആയിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. അധ്യക്ഷന്‍ ജഗതാംബിക പാല്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു എന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. ഡല്‍ഹി തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ട് തിടുക്കത്തില്‍ സമര്‍പ്പിക്കാനുള്ള നീക്കം രാഷ്ട്രീയമാണെന്നും പ്രതിപക്ഷ അംഗങ്ങള്‍ കുറ്റപ്പെടുത്തി.

യോഗത്തില്‍ പ്രതിഷേധിച്ച 10 പ്രതിപക്ഷ എംപിമാരെ പാനലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു ഒരു ദിവസത്തേക്ക് ആണ് നടപടി. ബിജെപി അംഗം നിഷികാന്ത് ദുബെയാണ് സസ്‌പെന്‍ഷന്‍ പ്രമേയം അവതരിപ്പിച്ചത്.പ്രതിപക്ഷ ബഹളം അനാവശ്യമായിരുന്നു എന്നും കല്യാണ്‍ ബാനര്‍ജി തനിക്കെതിരെ മോശം പദപ്രയോഗം നടത്തിയെന്നും ജെപിസി അധ്യക്ഷന്‍ ജഗതാംബികപാല്‍. വഖഫ് ജെ പി സി റിപ്പോര്‍ട്ട് ബജറ്റ് സമ്മേളനത്തിന് മുന്‍പായി സമര്‍പ്പിക്കാനാണ് നീക്കം. റിപ്പോര്‍ട്ടിന് അന്തിമ അംഗീകാരം നല്‍കാനുള്ള യോഗം ജനുവരി 27ന് ചേരും.