‘ടാറ്റൂ ചെയ്യുന്നതിന് മുന്നേ അനസ്തേഷ്യ, മുതുകിൽ പച്ചകുത്തുന്നതിനിടെ ഹൃദയാഘാതം’; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം
ടാറ്റൂ ചെയ്യുന്നതിനിടെ പ്രശസ്ത ബ്രസീലിയൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം. ബ്രസീലിയൻ ഓട്ടോ ഇൻഫ്ലുവൻസറായ റിക്കാർഡോ ഗോഡോയാണ് ടാറ്റൂ ചെയ്യുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയുന്നു.
റിക്കാർഡോ ഗോഡോയ് പങ്കുവെച്ച അവസാന പോസ്റ്റിൽ താൻ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയാണെന്നും വൈകുന്നേരം 4 മണിക്ക് ശേഷം മാത്രമേ തിരിച്ചെത്തുകയുള്ളൂവെന്നും അറിയിച്ചിരുന്നു.
ടാറ്റൂ ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹത്തിന് അനസ്തേഷ്യ നൽകിയിരുന്നു. ഇതിന് പിന്നാലെ ഹൃദയാഘാതം സംഭവിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഹൃദയാഘാതം സംഭവിച്ചതിന് പിന്നാലെ വേഗത്തിൽ പരിശോധനകൾ നടത്തിയെന്നും ഒരു കാർഡിയോളജിസ്റ്റിന്റെ സഹായം തേടിയിരുന്നവെന്നും സ്റ്റുഡിയോ ഉടമ പറയുന്നു.
45 വയസായിരുന്നു. റിക്കാർഡോ ഗോഡോയ്ക്ക് തൻ്റെ മുതുകിൽ ടാറ്റൂ ചെയ്യുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. അദ്ദേഹത്തിന് ടാറ്റൂ ചെയ്യുന്നതിനായുള്ള നടപടിക്രമങ്ങളുടെ തുടക്കത്തിൽ തന്നെ ഹൃദ്രോഗത്തിൻ്റെ ലക്ഷണങ്ങൾ കണ്ടിരുന്നതായാണ് റിപ്പോർട്ട്.