‘അരവിന്ദ് കെജ്‌രിവാളിനെ കൊലപ്പെടുത്താന്‍ ബിജെപി പദ്ധതി ഇടുന്നു’ ; ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അതിഷി
ബിജെപിയും ഡല്‍ഹി പൊലീസും അരവിന്ദ് കെജ്‌രിവാളിനെ വധിക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്ന് മുഖ്യമന്ത്രി അതിഷി. കെജ്‌രിവാളിന്റെ ജീവന്‍ അവസാനിപ്പിക്കാന്‍ ഈ രണ്ട് വിഭാഗവും ഗൂഢാലോചന നടത്തുന്നുവെന്നാണ് ആരോപണം. ഒന്നിന് പിറകേ ഒന്നായി അദ്ദേഹത്തെ ആക്രമിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്നും അതിഷി പറഞ്ഞു.
കെജ്രിവാളിന് പഞ്ചാബ് പൊലീസ് നല്‍കിയ സുരക്ഷ പുനഃസ്ഥാപിക്കണമെന്ന് പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. അരവിന്ദ് കെജ്രിവാളിനെതിരെ നിരവധി ആക്രമണങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നത് നിരീക്ഷിക്കുകയാണെന്ന് അതിഷി പറഞ്ഞു. ഒക്ടോബര്‍ 24ന് വികാസ്പുരിയില്‍ വച്ച് ഡല്‍ഹി പൊലീസിന്റെ കണ്‍മുന്നില്‍ വച്ചാണ് കെജ്‌രിവാള്‍ ആക്രമിക്കപ്പെട്ടത്. സാമൂഹ്യ മാധ്യമങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഞങ്ങളുടെ അന്വേഷണത്തില്‍ ആക്രമിച്ചത് ബിജെപി പ്രവര്‍ത്തകനാണെന്ന് തിരിച്ചറിഞ്ഞു. മാള്‍വിയ നഗറില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കവേ നവംബര്‍ 30ന് അദ്ദേഹം വീണ്ടും ആക്രമിക്കപ്പെട്ടു. അദ്ദേഹത്തെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി – അതിഷി വ്യക്തമാക്കി.
ആക്രമണം തടയാനോ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാനോ ഡല്‍ഹി പൊലീസ് ഒന്നും ചെയ്തില്ലെന്നും ബിജെപിയുമായുള്ള കൂട്ടുകെട്ട് കാരണമാണിതെന്നും അതിഷി ആരോപിച്ചു. അമിത് ഷായുടെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും അതിഷി പറഞ്ഞു. അരവിന്ദ് കെജ്‌രിവാളിന്റെ സുരക്ഷയില്‍ ആശങ്ക അറിയിച്ച് ആംആദ്മി പാര്‍ട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
അതേസമയം, തെരഞ്ഞെടുപ്പിനായി ബിജെപി പ്രകടനപത്രിക സങ്കല്‍പ്പ് പത്രിന്റെ മൂന്നാം ഭാഗം നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുറത്തിറക്കും. സൗജന്യ വൈദ്യുതി ഉള്‍പ്പെടെയുള്ള വമ്പന്‍ പ്രഖ്യാപനങ്ങള്‍ പത്രികയില്‍ ഉണ്ടായേക്കും.