HealthTop News

‘പുതിയ വൈറല്‍ പകര്‍ച്ചവ്യാധികള്‍ കൂടുതലും മൃഗങ്ങളില്‍ നിന്ന് പകരുന്നത്’; ഡോ സൗമ്യ സ്വാമിനാഥന്‍

Spread the love

പുതുതായി വരുന്ന വൈറല്‍ പകര്‍ച്ചവ്യാധികള്‍ കൂടുതലും മൃഗങ്ങളില്‍ നിന്ന് പകരുന്നതാണെന്ന് ലോക ആരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) മുന്‍ ചീഫ് സയന്റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥന്‍. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) നടന്ന ചടങ്ങില്‍ വേമ്പനാട്ട് കായലിലെ ജലഗുണനിലവാരം, ജലജന്യ പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ച ഗവേഷണ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

കാലാവസ്ഥാവ്യതിയാനവും പോഷകസമൃദ്ധമല്ലാത്ത ഭക്ഷണശീലങ്ങളും വരുത്തിവെക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ അവര്‍ ഉയര്‍ത്തിക്കാട്ടി. ഇന്നത്തെ മിക്ക ആരോഗ്യ ഭീഷണികളും പാരിസ്ഥിതിക പ്രശ്നങ്ങളില്‍ നിന്ന് ഉല്‍ഭവിക്കുന്നതാണ്. അതിനാല്‍ ഇന്ത്യയില്‍ ഒരു പരിസ്ഥിതി ആരോഗ്യ നിയന്ത്രണ ഏജന്‍സി സ്ഥാപിക്കണമെന്ന് അവര്‍ നിര്‍ദേശിച്ചു.

അസന്തുലിതമായ ഭക്ഷണരീതി രാജ്യത്തെ പ്രധാന ആരോഗ്യഭീഷണികളിലൊന്നാണ്. പോഷകാഹാരക്കുറവ്, വിളര്‍ച്ച, സൂക്ഷ്മ പോഷക അപര്യാപ്തതകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഇപ്പോഴും നിനില്‍ക്കുന്നുണ്ട്. എന്നാല്‍, ജനസംഖ്യയില്‍ പകുതിയോളം ഇന്ത്യക്കാരും ആവശ്യമായ പോഷകാഹാരം കഴിക്കാനുള്ള ശേഷിയില്ലാത്തവരാണ്.

ഈ വെല്ലുവിളികള്‍ നേരിടുന്നതിന് വിവിധ മന്ത്രാലയങ്ങള്‍, വിവിധ ഗവേഷണ ഏജന്‍സികള്‍ എന്നിവരുടെ സംയുകത സഹകരണവും വിവര കൈമാറ്റവും ആവശ്യമാണ്. പൊതുജനങ്ങളെ കൂടി പങ്കാളികളാക്കിയുള്ള സിറ്റിസന്‍ സയന്‍സ് സംരംഭങ്ങളും ആവശ്യമാണ്.

കോവിഡ് സമയത്ത്, ഒരു വര്‍ഷത്തിനുള്ളില്‍ വാക്സിനുകളുടെ വികസനം ആരും പ്രതീക്ഷിച്ചിരുന്നില്ല. ഗവേഷണ സ്ഥാപനങ്ങളും ശാസ്ത്രജ്ഞരും തമ്മിലുള്ള അഭൂതപൂര്‍വമായ സഹകരണം കൊണ്ടാണ് ഇത് സാധ്യമായത്

ഡിജിറ്റല്‍ യുഗത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അതിവേഗം പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ ശാസ്ത്രീയ പുരോഗതിക്കും പൊതുജനാരോഗ്യ ശ്രമങ്ങള്‍ക്കും തടസ്സമാകും. കോവിഡ് സമയത്ത് സമയത്ത് എല്ലാവരും ‘വിദഗ്ധര്‍’ ആയി ആളുകള്‍ക്ക് ഉപദേശം നല്‍കുന്ന സ്ഥിതിയുണ്ടായിരുന്നു. ഇത് അപകടമാണ്. നിപ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്- ഡോ സൗ്മ്യ സ്വാമിനാഥന്‍ പറഞ്ഞു.

കായലിലെ വെള്ളത്തിന്റെ ഗുണനിലവാരം മനസ്സിലാക്കുന്നതിനുള്ള വാട്ടര്‍ ക്ലിനിക്, ശുചിത്വരീതികളെ കുറിച്ചുള്ള സര്‍വേ നടത്തുന്നതിനാവശ്യമായ ക്ലെന്‍സ് ആപ്, ജലത്തിന്റെ ഗുണനിലവാര പരിശോധനയുമായി ബന്ധപ്പെട്ട് ഗവേഷകരെയും പൊതുജനങ്ങളെയും ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യമായ അക്വാഡിപ് ആപ്പ്, തീരമേഖലയിലെ ജലജന്യരോഗങ്ങളുമായി ബന്ധപ്പെട്ട ഡേറ്റബേസ് എന്നിവ ഡോ സൗമ്യ സ്വാമിനാഥന്‍ പുറത്തിറക്കി.

സിഎംഎഫ്ആര്‍ഐ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫി, നാന്‍സണ്‍ എണ്‍വയണ്‍മെന്റല്‍ റിസര്‍ച്ച് സെന്റര്‍-ഇന്ത്യ എന്നിവര്‍ സംയുക്തമായാണ് വേമ്പനാട് കായലിലെ വിബ്രിയോ ബാക്ടീരിയകളുടെ സാന്നിധ്യം, മലിനീകരണം, പരിഹാരം എന്നിവയുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നത്.

ചടങ്ങില്‍ സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഡോ കാജല്‍ ചക്രവര്‍ത്തി, ഡോ വി വി ആര്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു.