മൂന്നാറിൽ കാട്ടാനകൾ ഏറ്റുമുട്ടി
മൂന്നാറിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടൽ. മൂന്നാർ പഞ്ചായത്തിന്റെ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന കല്ലാറിലാണ് സംഭവം. ഈ പ്രദേശത്ത് ആനകൾ എത്തുന്നത് സ്ഥിരമാണെങ്കിലും ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ അപൂർവ്വമായിട്ടിട്ടാണ് കാണാൻ സാധിക്കുക. കൊമ്പനാനയും, ഒറ്റക്കൊമ്പനും തമ്മിലാണ് ഇന്നിപ്പോൾ ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കല്ലാർ മാലിന്യ പ്ലാന്റിന്റെ സമീപത്ത് തന്നെ കാട്ടാനകൾ തമ്പടിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പിന്റെ പ്രത്യേക നിരീക്ഷണം ഈ മേഖലയിൽ ഏർപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിക്കുന്നുണ്ട്.
കല്ലാർ മാലിന്യ പ്ലാന്റിൽ ജോലിചെയ്യുന്ന തൊഴിലാളികൾ ആശങ്കയോടെയാണ് കഴിയുന്നത്. സമീപ നാളുകളിലാണ് ഒറ്റക്കൊമ്പൻ എന്ന കാട്ടാന മൂന്നാറിലേക്ക് എത്തിയത്.ഏറ്റുമുട്ടിയ കാട്ടാനകളിൽ രണ്ട് കൊമ്പുള്ള ആന മാങ്കുളം മേഖലയിൽ നിന്നെത്തിയതാണെന്ന് വനം വകുപ്പ് വ്യക്തമാക്കി.