KeralaTop News

എന്‍ എം വിജയന്റെയും മകന്റേയും ആത്മഹത്യ: ഐസി ബാലകൃഷ്ണനെ ചോദ്യം ചെയ്യുന്നു: നിയമപരമായി നേരിടുമെന്ന് എംഎല്‍എ

Spread the love

വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റേയും ആത്മഹത്യയില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എയെ ചോദ്യം ചെയ്യുന്നു. കല്‍പ്പറ്റ പുത്തൂര്‍ വയല്‍ AR ക്യാമ്പിലാണ് ചോദ്യം ചെയ്യല്‍. നിയമപരമായി നേരിടുമെന്ന് ഐസി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ആത്മഹത്യപ്രേരണ കുറ്റമാണ് ഐസി ബാലകൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്.

ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ഏതന്വേഷണത്തെയും നേരിടാമെന്ന് തീരുമാനമെടുത്ത് ആദ്യം എസ്പിക്ക് പരാതി നല്‍കിയത് താനാണെന്ന് ഐസി ബാലകൃഷ്ണന്‍ പ്രതികരിച്ചു. അതിന്റെ ഭാഗമായാണ് കോടതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുന്നത് അടക്കുമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ മറ്റ് നടപടികളിലേക്കൊന്നും പോകില്ല. എംഎല്‍എയെ ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതിയുണ്ട്.

ഇന്നലെ ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്റെയും കെകെ ഗോപിനാഥിന്റെയും അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. മൂന്ന് ദിവസമാണ് ഇവരെ ചോദ്യം ചെയ്തത്. ഗോപിനാഥിന്റെ വീട്ടില്‍ പരിശോധന ഉള്‍പ്പടെ നടത്തി.

എന്‍ എം വിജയന്റെ വീട് ഇന്നലെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ സന്ദര്‍ശിച്ചിരുന്നു . നേരത്തെ KPCC ഉപസമിതിയുടെ നേതൃത്വത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതിപക്ഷനേതാവും ഇവിടെയെത്തിയിരുന്നു. എന്‍ എം വിജയന്റെ കുടുംബത്തെ ഏറ്റെടുക്കുമെന്നും അവരെ സംരക്ഷിക്കുമെന്നും അത് കോണ്‍ഗ്രസിന്റെ ബാധ്യതയാണെന്നും കെ സുധാകരന്‍ കുടുംബാംഗങ്ങളെ കണ്ടതിന് ശേഷം പ്രതികരിച്ചു. കെപിസിസിയുടെ ഉപസമിതി ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം മാത്രമായിരിക്കും അതില്‍ തുടര്‍നടപടികള്‍ എടുക്കുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ഏകദേശം പത്ത് മിനിറ്റോളം കുടുംബങ്ങളുമായി സംസാരിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.