‘സ്ത്രീകളെ സംബന്ധിച്ച മതവിധി കാന്തപുരം പറഞ്ഞപ്പോൾ പിന്തുണച്ചു, സമസ്ത പറഞ്ഞപ്പോൾ കൊഞ്ഞനം കുത്തി’; ആരും കൊഞ്ഞണം കുത്താൻ പാടില്ലെന്ന് പി എം സലാം
ജിഫ്രി തങ്ങൾക്ക് മറുപടിയുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം. മത പണ്ഡിതർ പറയുന്ന മത ശാസനയിൽ മത വിശ്വാസമില്ലാത്തവർ എന്തിന് ഇടപെടുന്നു എന്നാണ് താൻ ചോദിച്ചത്. ആ ചോദ്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും പി എം എ സലാം പറഞ്ഞു. മത ശാസന പറയുന്നവർക്ക് അതിനുള്ള അവകാശം ഉണ്ട്.
ഞാൻ രാഷ്ട്രീയക്കാരൻ ആയത് കൊണ്ട് ഈ കാര്യത്തിൽ രാഷ്ട്രീയം പറയും. കൊഞ്ഞണം കുത്തിയവരെ കുറിച്ചായിരിക്കും ജിഫ്രി തങ്ങൾ പറഞ്ഞത്. ഞങ്ങളെ കുറിച്ചായിരിക്കില്ല. ആരും കൊഞ്ഞനം കുത്താൻ പാടില്ലെന്നും പി എം എ സലാം പരിഹസിച്ചു. കാന്തപുരത്തിന്റെ മതവിധിയെ പിന്തുണച്ചവർ സമസ്തയുടെ മതവിധിയെ കൊഞ്ഞണം കുത്തിയവരാണെന്നായിരുന്നു ജിഫ്രി തങ്ങളുടെ പരാമർശം.
കാന്തപുരത്തെ പിന്തുണച്ചതിന് പിന്നിൽ സ്വാർഥ താല്‍പര്യവും രാഷ്ട്രീയ ലക്ഷ്യവുമാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സ്ത്രീകളെ സംബന്ധിച്ച മതവിധി കാന്തപുരം പറഞ്ഞപ്പോൾ ചിലർ പിന്തുണച്ചു. സമസ്ത മതവിധികൾ പറഞ്ഞപ്പോൾ കൊഞ്ഞനം കാട്ടിയവരാണ് ഇവരെന്നും തങ്ങൾ വിമർശിച്ചു.