കോഴിക്കോട് ഡിഎംഒ ഓഫീസിൽ കസേരകളി തുടരുന്നു; സ്ഥലം മാറ്റ ഉത്തരവിന് സ്റ്റേ
കോഴിക്കോട് ഡിഎംഒ ഓഫീസിൽ കസേരകളി തുടരുന്നു. ഡിഎംഒയായി ഡോ. ആശാ ദേവിയെ നിയമിച്ചത് അടക്കമുള്ള സ്ഥലംമാറ്റ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു. ഡോക്ടർ രാജേന്ദ്രൻ ഡിഎംഒ ആയി തുടരും. കണ്ണൂർ ഡിഎംഒ ഡോ. പിയുഷ് നമ്പൂതിരി നൽകിയ ഹർജിയിലാണ് ഉത്തരവ്.
പിയുഷിനെ കൊല്ലം ഡി എം ഓ ആയിട്ടായിരുന്നു സ്ഥലം മാറ്റിയത്. അടുത്ത മാസം 18നു ഹർജി വീണ്ടും പരിഗണിക്കും. ഡിസംബർ ഒമ്പതിന് ഇറങ്ങിയ സ്ഥലംമാറ്റ ഉത്തരവാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഡോക്ടർ ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയി നിയമിച്ചു കൊണ്ടായിരുന്നു ഈ ഉത്തരവ്. ഇതിനെതിരെ നിലവിലെ ഡിഎംഒ ഡോക്ടർ എൻ രാജേന്ദ്രൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. ഡിസംബർ ഒമ്പതിന് ഇറങ്ങിയ ഉത്തരവ് ഒരുമാസത്തേക്ക് സ്റ്റേ ചെയ്തുകൊണ്ടായിരുന്നു ട്രിബ്യൂണൽ വിധി. ട്രിബ്യൂണൽ ഉത്തരവുമായി എത്തിയ ഡോക്ടർ രാജേന്ദ്രൻ, സർക്കാർ ഉത്തരവുമായി എത്തിയ ഡോക്ടർ ആശാദേവി. പിന്നെ കോഴിക്കോട് ഡിഎംഒ ഓഫീസിൽ കണ്ടത് കസേരകളി.
അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം ആശാദേവി ഡിഎംഒയായി ചുമതലയേറ്റു. ഇതിനെതിരെയാണ് ഡോക്ടർ രാജേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോഴിക്കോട് ഡി എം ഒ ഓഫിസിൽ ഒരേ സമയം രണ്ട് ഡി എം ഒ മാർ ഉണ്ടായത് വലിയ ചർച്ചയായിരുന്നു. ഒടുവിൽ ഡോ.ആശാദേവിയെ കോഴിക്കോട് ഡിഎംഓയായും ഡോ. എൻ.രാജേന്ദ്രനെ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറായും നിയമിച്ചു സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റ ഉത്തരവിന് വീണ്ടും സ്റ്റേ എത്തിയിരിക്കുന്നത്.