വനം, വന്യജീവി സംഘര്‍ഷങ്ങള്‍ നിയമസഭയിലെത്തിച്ച് പ്രതിപക്ഷം; വനാതിര്‍ത്തിയിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്
മലയോരജാഥയ്ക്ക് മുന്നോടിയായി വനം, വന്യജീവി സംഘര്‍ഷങ്ങള്‍ നിയമസഭയിലെത്തിച്ച് പ്രതിപക്ഷം. നിലമ്പൂര്‍ മൂത്തേടത്ത് കാട്ടാന ആക്രമണത്തില്‍ ഉച്ചക്കുളം ഊരിലെ സരോജിനി കൊല്ലപ്പെട്ടതാണ് അടിയന്തര പ്രമേയ നോട്ടിസിന് വിഷയമായത്. മലയോരമേഖലയിലെ ജനങ്ങളോട് സര്‍ക്കാര്‍ സത്യസന്ധയില്ലാതെ പെരുമാറുന്നുവെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ മാത്യു കുഴല്‍നാടന്‍ പറഞ്ഞു. മലയോരജനതയ്ക്ക് വേണ്ടി കേരള കോണ്‍ഗ്രസ് എം ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ മാത്യു, കേരള കോണ്‍ഗ്രസ് രാഷ്ട്രീയ പ്രായശ്ചിത്തം ചെയ്ത് മലയോര സമരയാത്രയില്‍ വരണമെന്ന് ആവശ്യപെട്ടു.
കേരള കോണ്‍ഗ്രസിനെ മലയോര സമര ജാഥയിലേക്ക് ക്ഷണിച്ച മാത്യു കുഴല്‍നാടനോട് ഇടതുകൂറ് അടിവരയിട്ട് മന്ത്രി റോഷി അഗസ്റ്റിന്‍. കേരള കോണ്‍ഗ്രസിനെ അടിയന്തരപ്രമേയത്തില്‍ പരാമര്‍ശിക്കേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ മന്ത്രി മലയോര കര്‍ഷകര്‍ക്കായി കേരള കോണ്‍ഗ്രസ് സ്വീകരിച്ച സമര ചരിത്രം സഭയില്‍ വിവരിച്ചു. കേരള കോണ്‍ഗ്രസ് എം സര്‍ക്കാരോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും പെരുവഴിയിലായ കേരള കോണ്‍ഗ്രസിന് കൈ തന്നത് പിണറായി സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. മലയോര മേഖലയിലെ പ്രശ്‌നങ്ങള്‍ എല്ലാം ഈ സര്‍ക്കാര്‍ പരിഹരിക്കും. 38- 40 വര്‍ഷക്കാലം യുഡിഎഫിന്റെ ഭാഗമായിരുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. പരാജയത്തിലും വിജയത്തിലും നിങ്ങള്‍ക്ക് ഒപ്പം നിന്നു. ഒരു സുപ്രഭാതത്തില്‍ ഞങ്ങളെ യുഡിഎഫിന്റെ ഭാഗമല്ലെന്ന് പറഞ്ഞു താഴെയിറക്കി. ഞങ്ങളും കര്‍ഷകരും പെരുവഴിയില്‍ നില്‍ക്കണോ. പിണറായി സര്‍ക്കാര്‍ ഞങ്ങളെ ഒപ്പം ചേര്‍ത്തു. ആ സര്‍ക്കാര്‍ മലയോരമേഖലയിലെ കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ 100 ശതമാനം ശ്രമം നടത്തും. എവിടെ പ്രശ്‌നമുണ്ടെങ്കിലും അത് പരിഹരിക്കും . ആ സര്‍ക്കാരിനൊപ്പം കേരള കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കും – റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.
വനാതിര്‍ത്തിയിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. വന്യ ജീവി ആക്രമണം കേരളത്തില്‍ വര്‍ധിക്കുന്നുവെന്നും ലയോര മേഖലയില്‍ കൃഷിനാശം വ്യാപകമെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി. എങ്ങും ഭീതി നില നില്‍ക്കുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എന്തിനാണ് ഭീതി വളര്‍ത്തുന്നത്. മലയോര ജനതയെ എന്തിനാണ് ശത്രുക്കളായി കാണുന്നത്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിന്റേതാണ്. കേന്ദ്രസര്‍ക്കാരിനും ആ ബാധ്യതയുണ്ട് – അദ്ദേഹം വ്യക്തമാക്കി.
വന അതിര്‍ത്തിയില്‍ താമസിക്കുന്ന ജനവിഭാഗങ്ങളെ ചേര്‍ത്ത് നിര്‍ത്തണമെന്ന് പറഞ്ഞ അദ്ദേഹം 2024 ല്‍ 9138 വന്യജീവി ആക്രമണം ഉണ്ടായെന്നതും ചൂണ്ടിക്കാട്ടി. അമിതമായ അധികാരം ഒരു വകുപ്പിനും നല്‍കാന്‍ പാടില്ല. ഉദ്യോഗസ്ഥര്‍ക്ക് അമിതമായ അധികാരം നല്‍കിയതിനെയാണ് പ്രതിപക്ഷം എതിര്‍ത്തത്. ഒരു അവസരം കിട്ടിയാല്‍ ബില്ല് കൊണ്ടുവരുമെന്ന് ലൈനിലാണ് വനം മന്ത്രി സംസാരിച്ചത്. ഒരു കാരണവശാലും ആ ബില്ല് പാസാക്കാന്‍ സമ്മതിക്കില്ല എന്നാണ് പ്രതിപക്ഷ നിലപാട് – അദ്ദേഹം വ്യക്തമാക്കി.
ഒരു ദിവസം കൊണ്ട് തീര്‍ക്കാവുന്ന പ്രശ്‌നമല്ല, ശാസ്ത്രീയ പരിശോധനകള്‍ നടത്തി ജനകീയ അഭിപ്രായം മാനിച്ച് യുക്തിസഹമായി പരിഹരിക്കേണ്ട പ്രശ്‌നമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ജനങ്ങളെ വിശ്വാസത്തിലെടുത്താണ് വന നിയമഭേദഗതി പിന്‍വലിച്ചത് എന്നും കേന്ദ്രത്തിന്റെയും കേരളത്തിലെയും നിയമത്തില്‍ മാറ്റം വേണമെന്നും എകെ ശശീന്ദ്രന്‍ വ്യക്തമാക്കി. ഗൗരവമായി കൊണ്ടുവന്ന വിഷയത്തിന് ലാഘവത്തോടുള്ള മറുപടിയാണ് സര്‍ക്കാര്‍ നല്‍കിയതെന്ന് ആരോപിച്ച് പ്രതിപക്ഷം ഇറങ്ങി പോയി.