KeralaTop News

ജയിൽ അധികൃതർ മുടി മുറിച്ചു; യൂട്യൂബര്‍ മണവാളന് മാനസികാസ്വാസ്ഥ്യം

Spread the love

കേരളവര്‍മ കോളജ് വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള യൂട്യൂബര്‍ മണവാളന്റെ മുടി മുറിച്ചു.തൃശൂർ ജില്ലാ ജയിലിലെ ജയിൽ അധികൃതർ ആണ് മുടി മുറിച്ച് മാറ്റിയത്. മുടി മുറിച്ചുമാറ്റിയതോടെ മുഹമ്മദ് ഷഹീൻ ഷായെ തിരിച്ചറിയാൻ പോലും പറ്റാത്ത നിലയായിരുന്നു. ഇതോടെയാണ് മാനസികനില താളം തെറ്റിയത്.മാനസിക പ്രശ്നത്തെ തുടർന്ന് മണവാളനെ തൃശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെയായിരുന്നു ജയിൽ അധികൃതരുടെ നടപടി. സംഭവത്തിൽ പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

പത്ത് മാസം ഒളിവിലായിരുന്ന മുഹമ്മദ് ഷഹീന്‍ ഷായെ കുടകില്‍ നിന്ന് തൃശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ മുഹമ്മദ് ഷഹീന്‍ ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു. തൃശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് ഇയാളെ റിമാന്‍ഡ് ചെയ്തത്.

ഏപ്രില്‍ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കേരളവര്‍മ്മ കോളജ് റോഡില്‍ വച്ച് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളജ് വിദ്യാര്‍ത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താന്‍ മുഹമ്മദ് ഷഹീന്‍ ഷാ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചത്.

കേസില്‍ റിമാന്‍ഡിലായ പ്രതി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചപ്പോൾ സുഹൃത്തുക്കളെക്കൊണ്ട് റീല്‍സ് ചിത്രീകരിപ്പിച്ചിരുന്നു.ശക്തമായി തിരിച്ചുവരുമെന്ന് റീൽസിൽ മണവാളൻ തന്റെ ആരാധകരോട് പറഞ്ഞിരുന്നു.