പി കെ ശശിക്കെതിരായ നടപടി പ്രവർത്തകർക്ക് ‘വലിയ പാഠം’; ആര് തെറ്റ് ചെയ്താലും പാർട്ടി നടപടിയെടുക്കും, ഇ എൻ സുരേഷ് ബാബു
പി കെ ശശിക്കെതിരായ നടപടി പ്രവർത്തകർക്ക് വലിയ പാഠമാണെന്ന് CPIM പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. നടപടി പാർട്ടിക്ക് സംഘടന രംഗത്ത് കരുത്തുണ്ടാക്കി.ഒരു പാർട്ടി അംഗത്തിന് സംഘടന വിരുദ്ധമായി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് കൂടി തെളിയിക്കുന്നതുകൂടിയായിരുന്നു പി കെ ശശിക്കെതിരായ നടപടിയെന്ന് സുരേഷ് ബാബു പറഞ്ഞു. തെറ്റ് ആര് ചെയ്താലും പാർട്ടി വെച്ചു പൊറുപ്പിക്കില്ല. ഏത് ഉന്നതൻ തെറ്റ് ചെയ്താലും പാർട്ടി നടപടി സ്വീകരിക്കുമെന്നും തെറ്റ് തിരുത്തൽ നടപടിയുടെ കൂടെ ഭാഗമാണെന്നും ജില്ലാ ഇ എൻ സുരേഷ് ബാബു വ്യക്തമാക്കി.
ഗുരുതരമായ പിഴവുകൾ ശശിയുടെ ഭാഗത്തുനിന്ന് സംഭവിച്ചിട്ടും കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശിയെ മാറ്റാത്തത് ശരിയല്ലെന്ന് പ്രവർത്തകർ ആരോപിച്ചിരുന്നു.പി കെ ശശിയെ കെടിഡിസി, സിഐടിയു ജില്ലാ പ്രസിഡന്റ് പദവികളില്‍ നിന്നും നീക്കണമെന്ന ആവശ്യം നേരത്തെ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യം തീരുമാനിക്കാന്‍ പാലക്കാട് ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍ സംസ്ഥാന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും ജില്ലയില്‍ നിലപാട് എടുക്കാനായിരുന്നു നേതൃത്വത്തിന്റെ നിര്‍ദേശം.
സിപിഐഎം ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി കെ ശശിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തിയിരുന്നു. മറ്റ് പദവികൾ ഒന്നും തന്നെ ശശി വഹിക്കുന്നില്ല. സാമ്പത്തിക ക്രമക്കേട് ആരോപണമടക്കമുള്ള കാര്യങ്ങൾ ശശിക്കെതിരെ ഉയർന്നുവന്നിരുന്നു.
അതേസമയം, CPIM പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇ എൻ സുരേഷ് ബാബു തന്നെ തുടരും. ഇത് രണ്ടാം തവണയാണ് സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നത്. എട്ട് പുതുമുഖങ്ങളാണ് പുതിയതായി തിരഞ്ഞെടുത്ത പുതിയ ജില്ലാ കമ്മിറ്റിയിൽ ഇടം നേടിയത്. നിലവിലെ ജില്ലാ കമ്മിറ്റിയിൽ നിന്നും അഞ്ച് പേരെ ഒഴിവാക്കിയിട്ടുണ്ട്.
E N Suresh babu reacts Action against PK Sasi